കൊച്ചി : സ്വപ്‌നയുടെ ഫോണില്‍നിന്നു ലഭിച്ച വാട്‌സ്‌ആപ് ചാറ്റ് വിവരങ്ങളുടെ മാത്രം അടിസ്‌ഥാനത്തില്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ കൈക്കൂലി തെളിയിക്കാനാവില്ലെന്ന് ഇ.ഡിക്കു നിയമോപദേശം.
നയതന്ത്ര ബാഗേജില്‍ കള്ളക്കടത്തുസ്വര്‍ണം എത്തിയെന്ന് ആദ്യമറിഞ്ഞതും ലൈഫ് മിഷന്‍ കോഴപ്പണം കൈപ്പറ്റിയതും യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്‌ഥ സ്വപ്‌നാ സുരേഷാണ്. കേസിലെ മുഖ്യപ്രതിയെന്ന നിലയില്‍ സ്വപ്‌നയുടെ മൊഴികള്‍ക്കു വിശ്വാസ്യത കുറയുമെന്നാണു നിയമോപദേശം. കോഴയുടെ വിഹിതം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു കിട്ടിയിട്ടുണ്ടോയെന്നും ഇ.ഡി. പരിശോധിക്കുന്നു. പലപ്പോഴായി ഒമ്പതരക്കോടി രൂപ നല്‍കിയെന്നാണു സ്വപ്‌നയുടെ മൊഴി. ഇത് ആര്‍ക്കൊക്കെ ലഭിച്ചെന്നാണ് അന്വേഷണം. മുമ്പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യംചെയ്‌തപ്പോള്‍ സ്വപ്‌നയെ വ്യക്‌തിപരമായി അറിയില്ലെന്നായിരുന്നു രവീന്ദ്രന്റെ മൊഴി. ഇതു പൊളിക്കുന്നതാണു സ്വപ്‌നയുമായുള്ള രവീന്ദ്രന്റെ വാട്‌സ്‌ആപ് ചാറ്റ്.
രവീന്ദ്രനെയും കാണണമെന്നു ലൈഫ് മിഷന്‍ ധാരണാപത്രം ഒപ്പിടുന്നതിനു രണ്ടുദിവസം മുമ്പ് സ്വപ്‌നയോട് എം. ശിവശങ്കര്‍ നിര്‍ദേശിച്ചിരുന്നു. ശിവശങ്കറിനെ ചോദ്യംചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണു രവീന്ദ്രനെ ഇ.ഡി. വിളിപ്പിച്ചിരിക്കുന്നത്.
ശിവശങ്കറിനെ ചോദ്യംചെയ്‌തതുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കസ്‌റ്റഡി അപേക്ഷയില്‍ സ്വപ്‌നയും രവീന്ദ്രനുമായുള്ള വാട്‌സ്‌ആപ് ചാറ്റിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിരുന്നു.