കഴിഞ്ഞ തവണ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്ന കെഎസ്ഇബി അട്ടിമറി നേട്ടത്തിലൂടെ ഇക്കുറി ലാഭപ്പട്ടികയിൽ ഒന്നാമതെത്തി

0

കഴിഞ്ഞ തവണ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്ന കെഎസ്ഇബി അട്ടിമറി നേട്ടത്തിലൂടെ ഇക്കുറി ലാഭപ്പട്ടികയിൽ ഒന്നാമതെത്തി. നിയമസഭയിൽ സമർപ്പിച്ച ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ റിപ്പോർട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021–22ലെ പ്രകടനം വിലയിരുത്തിയത്. ചെലവ് 3.87% കൂടിയെങ്കിലും വരുമാനത്തിൽ 13% വർധന വരുത്തിയതാണ് കെഎസ്ഇബിയുടെ നേട്ടം. കഴിഞ്ഞ തവണ 475 കോടിയുടെ നഷ്ടത്തിലായിരുന്നു കെഎസ്ഇബി.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും ലാഭത്തിൽ രണ്ടാമതാണ്. കഴിഞ്ഞ വർഷം ലാഭപ്പട്ടികയിൽ ആദ്യ സ്ഥാനത്തായിരുന്ന കെഎസ്എഫ്ഇ ഇപ്പോൾ മൂന്നാമതായി. കെഎസ്ഐഡിസി നാലാം സ്ഥാനം നിലനിർത്തിയപ്പോൾ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ പിന്നാക്ക വികസന കോർപറേഷനായിരുന്നു അഞ്ചാമത്.

കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായിരുന്ന ബവ്റിജസ് കോർപറേഷൻ ഇപ്പോൾ‌ ലാഭപ്പട്ടികയിലെത്തി– പത്താം സ്ഥാനം. നഷ്ടത്തിൽ ഒന്നാം സ്ഥാനം കെഎസ്ആർടിസി നിലനിർത്തി. കെഎസ്ആർടിസിയുടെ വരുമാനത്തിൽ 46% വർധനയുണ്ടായെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം 1,787 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന ലാഭം നേടിയ സ്ഥാപനങ്ങൾ 69ൽ നിന്ന് 71 ആയി. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ എണ്ണം 66ൽ നിന്ന് 61 ആയി കുറഞ്ഞു.

ലാഭത്തിൽ മുന്നിൽ

കെഎസ്ഇബി (736 കോടി രൂപ)

കേരള മിനറൽസ് ആൻഡ് മെറ്റൽസ് (226 കോടി)

കെഎസ്എഫ്ഇ (210 കോടി)

കെഎസ്ഐ‍ഡിസി (54 കോടി)

ഫാർസ്യൂട്ടിക്കൽ കോർപറേഷൻ (43 കോടി)

നഷ്ടത്തിൽ മുന്നിൽ

കെഎസ്ആർടിസി (1787 കോടി)

ജല അതോറിറ്റി (824 കോടി)

സിവിൽ സപ്ലൈസ് കോർപറേഷൻ (95 കോടി)

കശുവണ്ടി വികസന കോർപറേഷൻ (76 കോടി)

കൊച്ചിൻ സ്മാർട് മിഷൻ (55 കോടി)

Leave a Reply