കോഴിക്കോട്‌ മെഡി. കോളജില്‍നിന്ന്‌ കാണാതായ ആദിവാസി യുവാവ്‌ തൂങ്ങിമരിച്ചനിലയില്‍

0


കോഴിക്കോട്‌: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ പരിചരിക്കാനൊപ്പമെത്തുകയും പിന്നീട്‌ കാണാതാവുകയും ചെയ്‌ത ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വയനാട്‌ മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥന്‍ (46) ആണ്‌ മരിച്ചത്‌. പണം മോഷ്‌ടിച്ചെന്നാരോപിച്ച്‌ മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്‌തതില്‍ വിശ്വനാഥന്‌ വിഷമമുണ്ടായിരുന്നെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ: കെ. ശ്രീകുമാര്‍ അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി.
ഭാര്യയുടെ പ്രസവത്തിനായാണു വയനാട്ടില്‍നിന്ന്‌ വിശ്വനാഥന്‍ കോഴിക്കോട്‌ മെഡി: കോളജില്‍ എത്തിയത്‌. വെള്ളിയാഴ്‌ച പുലര്‍ച്ചെ മുതല്‍ വിശ്വനാഥനെ കാണാനില്ലെന്ന്‌ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ മെഡിക്കല്‍ കോളജിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. പണവും മൊബൈല്‍ ഫോണും മോഷ്‌ടിച്ചെന്നാരോപിച്ച്‌ മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്‌തിരുന്നുവെന്നും മറ്റൊരു പ്രശ്‌നവും വിശ്വനാഥനില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ചതിനെത്തുടര്‍ന്നു വിഷമത്തിലായ വിശ്വനാഥന്‍ മതില്‍ ചാടിക്കടന്ന്‌ പുറത്തേക്ക്‌ പോകുകയായിരുന്നെന്നു ദൃക്‌സാക്ഷികളും പറഞ്ഞു. മോഷണം നടന്നുവെന്ന പരാതി വന്നപ്പോള്‍ സി.സി.ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതാണെന്നും ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും മെഡിക്കല്‍ കോളജിലെ പട്ടികവര്‍ഗ പ്രമോട്ടര്‍ പറഞ്ഞു. കോഴിക്കോട്‌ ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ കെ.ഇ. ബൈജുവിന്റെയും മെഡിക്കല്‍ കോളജ്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ബെന്നി ലാലുവിന്റെയും നേതൃത്വത്തിലുള്ള സംഘം വിശ്വനാഥന്റെ ബന്ധുക്കളില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും തെളിവെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here