തിരുവനന്തപുരം :കേരളം വേനല്‍ ചൂടില്‍ വെന്തുരുകുന്നു. പകല്‍സമയങ്ങളില്‍ പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ ദിവസം താപനില 40ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തി. ഉച്ചസമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ഫെബ്രുവരി മാസം അവസാനിക്കും മുന്‍പ് തന്നെ സംസ്ഥാനത്ത് വേനല്‍ ചൂടില്‍ പൊള്ളുകയാണ് കേരളം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമെറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ പലയിടത്തും കഴിഞ്ഞദിവസം 40 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയത്. കണ്ണൂര്‍ വിമാനത്താവളം 39.6 ഡിഗ്രി സെല്‍ഷ്യസ്, ഇരിക്കൂര്‍ 38.9 ഡിഗ്രി സെല്‍ഷ്യസ്, തൃശൂര്‍ വെള്ളാനിക്കര 38.9 ഡിഗ്രി സെല്‍ഷ്യസ്, തൃശൂര്‍ പീച്ചി 38.8 ഡിഗ്രി സെല്‍ഷ്യസ്, കണ്ണൂര്‍ ചെമ്പേരി 38.7 ഡിഗ്രി സെല്‍ഷ്യസ്, പാലക്കാട് മണ്ണാര്‍ക്കാട് 38.4ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് കൂടുതല്‍ ചൂടനുഭപ്പെട്ട പ്രദേശങ്ങളുടെ പട്ടിക.
ഓട്ടോമെറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഈ കണക്കില്‍ വ്യക്തക്കുറവുണ്ടെങ്കിലും സംസ്ഥാനത്ത് അപകടരമാം വിധം താപനില കൂടുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഉച്ചസമയത്ത് തുടര്‍ച്ചയായി വെയില്‍ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം,
നിര്‍ജ്ജലീകരണം തടയാന്‍ കൂടുതല്‍ വെള്ളം കുടിക്കണം, എന്നീ നിര്‍ദേശങ്ങള്‍ക്കൊപ്പം കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മാര്‍ച്ചില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് കനത്തത് വരള്‍ച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു