ഒരു കാറിൽ തട്ടി, അടുത്ത കാറിലേക്ക്… പിന്നെ ചറപറ ഇടിയോടിടി… കണ്ണടച്ചു തുറക്കുന്ന നിമിഷംകൊണ്ട് നിയന്ത്രണം വിട്ട കുടിവെള്ള ടാങ്കർ ലോറി ഇടിച്ചിട്ടത് 21 വാഹനങ്ങൾ….

0

ഒരു കാറിൽ തട്ടി, അടുത്ത കാറിലേക്ക്… പിന്നെ ചറപറ ഇടിയോടിടി. കണ്ണടച്ചു തുറക്കുന്ന നിമിഷംകൊണ്ട് നിയന്ത്രണം വിട്ട കുടിവെള്ള ടാങ്കർ ലോറി ഇടിച്ചിട്ടത് 21 വാഹനങ്ങൾ. അപകടത്തിൽ ആറ് കാറും 15 ഇരുചക്ര വാഹനങ്ങളുമാണ് തകർന്നത്. ഭാഗ്യംകൊണ്ടുമാത്രം ആർക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ചയോടെ ഇൻഫോപാർക്ക് കാർണിവൽ കാമ്പസിനു മുന്നിലെ റോഡിലായിരുന്നു വാഹനാപകട പരമ്പര. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർ വയനാട് സ്വദേശി ദിലീഷിനെ ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. തകർന്ന വാഹനങ്ങളെല്ലാം ഇൻഫോപാർക്ക് ജീവനക്കാരുടേതാണ്.

ബ്രഹ്മപുരം ഭാഗത്തുനിന്ന് ഇടച്ചിറയിലേക്ക് കുടിവെള്ളം നിറയ്ക്കാൻ എത്തിയ ടാങ്കർ ലോറിയാണ് നിയന്ത്രണം വിട്ട്‌ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഇടിച്ചു തകർത്തത്. ഒരു കാറും നാല് ബൈക്കുകളും ലോറി കയറി പൂർണമായും തകർന്നു. നിരയായി നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കാണ്‌ അമിത വേഗത്തിൽ വന്ന ടാങ്കർ പാഞ്ഞുകയറിയത്. ഇൻഫോപാർക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തപ്പോൾ പിറകിൽ ഉണ്ടായിരുന്ന ലോറി നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇൻഫോപാർക്കിനു മുന്നിലെ റോഡരികിൽ വാഹനങ്ങളുടെ പാർക്കിങ്‌ നിരോധിച്ചിട്ടുള്ളതാണ്. ഈ ബോർഡുകൾ വെച്ചിട്ടുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കാണ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.

Leave a Reply