കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌: ധനവ്യവസായ ബാങ്കേഴ്‌സ്‌ ഉടമ അറസ്‌റ്റില്‍

0


തൃശൂര്‍: ധനവ്യവസായ ബാങ്കേഴ്‌സ്‌, ധനവ്യവസായ സ്‌ഥാപനം എന്നീ പേരുകളില്‍ നിക്ഷേപ സ്‌ഥാപനം നടത്തി കോടികള്‍ തട്ടിച്ച പ്രതി തൃശൂര്‍ വടൂക്കര പാണഞ്ചേരി വീട്ടില്‍ ജോയ്‌ ഡി. പാണഞ്ചേരി (66)യെ അറസ്‌റ്റു ചെയ്‌തു. ആദ്യ കണക്കുകള്‍ അനുസരിച്ച്‌ 25 കോടി രൂപയുടെ നഷ്‌ടമാണു നിക്ഷേപകര്‍ക്കുണ്ടായത്‌. കൂട്ടു പ്രതികളായ ജോയിയുടെ ഭാര്യ റാണി ജോയിയും (60) ഡയറക്‌ടര്‍മാരായ മക്കളും കീഴടങ്ങിയിട്ടില്ല.
കാലാവധിക്കുശേഷം നിക്ഷേപതുകയും വാഗ്‌ദാനം ചെയ്‌ത പലിശയും ലഭിക്കാതായപ്പോള്‍ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ ഈസ്‌റ്റ്‌ പോലീസ്‌ കേസെടുത്തതിനെ തുടര്‍ന്ന്‌ ഇവര്‍ മുങ്ങിയിരുന്നു. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതി സമര്‍പ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ സ്‌ഥാപനം പൂട്ടിയതോടെ നിക്ഷേപകരുടെ പ്രതിഷേധം ശക്‌തമായി. വിവിധ പോലീസ്‌ സ്‌റ്റേഷനുകളിലായി 85 കേസുകളെടുത്തു. തൃശൂര്‍ സിറ്റി പോലീസിനു കീഴില്‍ ടൗണ്‍ ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ 82 കേസുകളും ഒല്ലൂര്‍, നെടുപുഴ, പേരാമംഗലം പോലീസ്‌ സ്‌റ്റേഷനുകളില്‍ ഓരോന്നുവീതവുമാണുള്ളത്‌.
രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ 24.17 കോടി രൂപയുടെ തട്ടിപ്പാണു കണക്കാക്കുന്നത്‌. 50 കോടിയുടെ ആസ്‌തിയുണ്ടെന്നും 45 കോടിയുടെ നിക്ഷേപമേ തിരികെ നല്‍കാനുള്ളൂവെന്നുമാണ്‌ ജോയ്‌ പാണഞ്ചേരി നേരത്തെ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ അറിയിച്ചിരുന്നത്‌. 200 കോടിയിലധികം രൂപ തട്ടിയെന്നാണു നിക്ഷേപകരുടെ ആക്ഷേപം. ഇനിയും രേഖാമൂലം പലരും പരാതി നല്‍കാനിരിക്കുകയാണ്‌. 1946 ല്‍ സ്‌ഥാപിതമായ സ്‌ഥാപനത്തിലെ ധൂര്‍ത്താണു പ്രതിസന്ധിക്കു കാരണമെന്നാണു സൂചന. ധനവ്യവസായ സ്‌ഥാപനത്തിനു മണി ലെന്‍ഡ്‌ ആക്‌ട്‌ അനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ്‌ മാത്രമാണുള്ളത്‌. നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ലൈസന്‍സ്‌ ഇല്ലാതെ അനധികൃതമായാണു പ്രവര്‍ത്തിച്ചത്‌. നിയമവിധേയമല്ലാത്ത നിക്ഷേപ നിരോധനനിയമം അനുസരിച്ചാണു കേസ്‌.
ഒളിവില്‍ പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനു ആദ്യം സെഷന്‍സ്‌ കോടതിയേയും പിന്നീടു ഹൈക്കോടതിയേയും സമീപിച്ചു. ഇവരെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ ജനുവരി 30 വരെ ഹൈക്കോടതി തടഞ്ഞു. ജാമ്യാപേക്ഷയെ എതിര്‍ത്ത്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ജില്ലാ സി ബ്രാഞ്ച്‌ അസി. കമ്മിഷണര്‍ കെ.എ. തോമസ്‌ നല്‍കിയ സത്യവാങ്‌മൂലത്തിന്റെ അടിസ്‌ഥാനത്തില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.
പ്രതികള്‍ ഇരുവരും മുതിര്‍ന്ന പൗരന്മാരാണെന്നതു കണക്കിലെടുത്ത്‌ അന്വേഷണ ഉദ്യോഗസ്‌ഥനു മുമ്പാകെ രണ്ടാഴ്‌ചയ്‌ക്കകം കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
ഇന്നലെ ഉച്ചയ്‌ക്കു രണ്ടു മണിയോടെ തൃശൂര്‍ സിറ്റി സിബ്രാഞ്ച്‌ അസി. കമ്മിഷണര്‍ മുമ്പാകെ ഹാജരായ പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. പണം ദുരുപയോഗം ചെയ്‌തതു സംബന്ധിച്ചു വിശദാന്വേഷണം നടത്തിവരികയാണെന്ന്‌ അന്വേഷണോദ്യോഗസ്‌ഥന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here