ഇന്ത്യന്‍ നിര്‍മ്മിത തുളളിമരുന്ന്: കാഴ്ച നഷ്ടമായെന്ന റിപ്പോര്‍ട്ട്, യുഎസില്‍ ഒരു മരണം; മരുന്ന് കമ്പനിയില്‍ റെയ്ഡ്

0

യുഎസില്‍ ഇന്ത്യന്‍ നിര്‍മ്മിത തുളളിമരുന്ന് ഉപയോഗിച്ച ചിലര്‍ക്ക് കാഴ്ച നഷ്ടമായെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ചെന്നൈയിലെ മരുന്ന് കമ്പനിയില്‍ റെയ്ഡ്. ‘ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍’ എന്ന മരുന്നുനിര്‍മ്മാണ കമ്പനിയിലാണ് വെളളിയാഴ്ച സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും, തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും പരിശോധന നടത്തിയത്. അര്‍ധരാത്രിയിലെ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ തുളളിമരുന്നിന്റെ സാമ്പിളുമടക്കം ശേഖരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യു. എസില്‍ ‘ഗ്ലോബല്‍ ഫാര്‍മ’ യുടെ എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ് ഉപയോഗം നിമിത്തം ഒരു മരണം സംഭവിച്ചെന്നും, കാഴ്ച നഷ്ടപ്പെടല്‍, കണ്ണിലെ അണുബാധ ഉള്‍പ്പെടെ 55 ഓളം അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് യു.എസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അവകാശപ്പെടുന്നത്.

തുളളിമരുന്നില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപയോഗിച്ചാല്‍ കണ്ണില്‍ അണുബാധയുണ്ടായി കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും യു. എസ് അധികൃതരുടെ റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമായും കണ്ണുകളിലെ അസ്വസ്ഥത, വരള്‍ച്ച എന്നിവയെ പ്രതിരോധിക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.

യു.എസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് തുളളിമരുന്ന് ‘ഗ്ലോബല്‍ ഫാര്‍മ ‘അമേരിക്കന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇതിന് പിന്നാലെ മരുന്ന് ഉപയോഗിക്കരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

മരുന്ന് ഉപയോഗിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും, യു.എസ് അധികൃതരുമായി ആശയവിനിമയം നടത്തി കൊണ്ടിരിക്കുകയാണെന്നും കമ്പനി പറഞ്ഞു. മരുന്ന് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചുണ്ട്. സംഭവത്തില്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും യു.എസില്‍ നിന്നുളള സാമ്പിളുകള്‍ക്കായി കാത്തിരിക്കുകയാണെന്നും ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കി.

Leave a Reply