ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ ജയം

0

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക്‌ 168 റണ്ണിന്റെ തകര്‍പ്പന്‍ ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നാല്‌ വിക്കറ്റിന്‌ 234 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 13-ാം ഓവറില്‍ 66 റണ്ണിന്‌ ഓള്‍ഔട്ടായി.
മൂന്ന്‌ ട്വന്റി20 കളുടെ പരമ്പര 2-1 ന്‌ ഇന്ത്യ സ്വന്തമാക്കി. കൂറ്റന്‍ സ്‌കോര്‍. മൊട്ടേരയിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഇന്ത്യ ഓപ്പണര്‍ ശുഭ്‌മന്‍ ഗില്ലിന്റെ കന്നി ട്വന്റി20 സെഞ്ചുറിയുടെ (63 പന്തില്‍ ഏഴ്‌ സിക്‌സറും 12 ഫോറുമടക്കം പുറത്താകാതെ 126) മികവിലാണ്‌ ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്‌.
ന്യൂസിലന്‍ഡ്‌ നിരയില്‍ ഡാരില്‍ മിച്ചല്‍ (25 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 35) മാത്രമാണു പൊരുതിയത്‌. നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 13) രണ്ടക്കം കടന്ന മറ്റൊരു താരമായി. നാല്‌ ഓവറില്‍ 16 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ഹാര്‍ദിക്‌ പാണ്ഡ്യ ബൗളര്‍മാരില്‍ കേമനായി. അര്‍ഷദീപ്‌ സിങ്‌, ഉമ്രാന്‍ മാലിക്ക്‌, ശിവം മാവി എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. ന്യൂസിലന്‍ഡ്‌ നിരയില്‍ മാര്‍ക്‌ ചാപ്‌മാന്‍, ഇഷ്‌ സോധി, ലൂകി ഫെര്‍ഗുസണ്‍ എന്നിവര്‍ക്ക്‌ അക്കൗണ്ട്‌ തുറക്കാനായില്ല.
ഗില്ലിന്റെ ട്വന്റി20 യിലെ കന്നി സെഞ്ചുറിയാണ്‌ ഇന്നലെ പിറന്നത്‌. ട്വന്റി20 യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. മുന്‍ നായകന്‍ വിരാട്‌ കോഹ്ലിയെയാണു ഗില്‍ മറികടന്നത്‌.
ഇന്ത്യക്കായി ഇത്തവണയും ഇഷാന്‍ കിഷന്‍ (ഒന്ന്‌) നിരാശപ്പെടുത്തി. കിഷനെ മിച്ചല്‍ ബ്രേസ്‌വെല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഗില്‍ – രാഹുല്‍ ത്രിപാഠി (22 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 44) സഖ്യം അതിവേഗം 80 റണ്‍ കൂട്ടിച്ചേര്‍ത്തു. ത്രിപാഠിയെ ലൂകി ഫെര്‍ഗുസണിന്റെ കൈയിലെത്തിച്ച്‌ ഇഷ്‌ സോധി കൂട്ടുകെട്ട്‌ പൊളിച്ചു. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ്‌ (13 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 24) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വൈകാതെ പുറത്തായി.
സൂര്യയെ ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ ബ്രേസ്‌വെല്‍ ഡൈവിങ്‌ ക്യാച്ചിലൂടെ പുറത്താക്കി. നാലാം വിക്കറ്റില്‍ ഗില്ലിനൊപ്പം നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യയെത്തിയതോടെ (17 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 30) ഇന്നിങ്‌സ് വീണ്ടും കുതിച്ചു. ഇരുവരും ചേര്‍ന്ന്‌ 103 റണ്‍ കൂട്ടിച്ചേര്‍ത്തു. അതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. ഇന്ത്യന്‍ ടീമില്‍ യുസ്‌വേന്ദ്ര ചാഹാലിന്‌ പകരം ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്ലാ ഫോര്‍മാറ്റിലുമായി 55 ദ്വിരാഷ്ര്‌ട പരമ്പരകള്‍ ഇന്ത്യയില്‍ നടന്നു. അതില്‍ 47 ലും ഇന്ത്യ ജയിച്ചു. 2019 ല്‍ ഓസ്‌ട്രേലിയയും 2015 ല്‍ ദക്ഷിണാഫ്രിക്കയും മാത്രമാണ്‌ ഇന്ത്യയില്‍ പരമ്പര നേടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here