തൊടുപുഴയിൽ, അമിത പലിശ ഈടാക്കി ബ്ലേഡ് കൊള്ള നടത്തിയിരുന്ന മൂന്നു സഹോദരന്മാരുടെ വീട്ടിൽ വൻ അനധികൃത ശേഖരം

0

തൊടുപുഴയിൽ, അമിത പലിശ ഈടാക്കി ബ്ലേഡ് കൊള്ള നടത്തിയിരുന്ന മൂന്നു സഹോദരന്മാരുടെ വീട്ടിൽ വൻ അനധികൃത ശേഖരം. ഇവരുടെ വീടുകളിൽ നടന്ന കുബേര-റെയ്ഡിൽ അഞ്ചരലക്ഷത്തോളം രൂപയും, തോക്കും, മാൻ കൊമ്പിന്റെ ഭാഗവും പൊലീസ് പിടിച്ചെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു. വീട് കേന്ദ്രീകരിച്ചായിരുന്നു ഇവർ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്തിരുന്നത്.

15 ശതമാനം മുതൽ 30 ശതമാനം വരെ പലിശ ഈടാക്കിയാണ് ഇവർ പണം പലിശയ്ക്ക് നൽകിയിരുന്നതെന്നാണ് സൂചന. പലിശ കൃത്യസമയത്ത് കിട്ടിയില്ലെങ്കിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. നിരന്തരം ഇതെകുറിച്ച് പരാതി ലഭിച്ചതോടെയാണ് തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങിയത്.

മുതക്കോടം കൊച്ചുപറമ്പിൽ ജോർജ്ജുകുട്ടിയെയാണ് തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും അര ലക്ഷ ത്തോളം രൂപയും ഒരു തോക്കും മാൻ കൊമ്പിന്റെ ഭാഗവും കണ്ടെടുത്തു. തോക്ക് വിശദ പരിശോധനയ്ക്ക് ആർമറി വിഭാഗത്തിന് കൈമാറി. ഇതിന് പുറമെ ഇയാളുടെ വീട്ടിൽ നിന്നും 15 അസൽ ആധാരങ്ങളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും കണ്ടെത്തി. 5 ബൈക്കുകളും ഒരു കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ജോർജ് കുട്ടിയുടെ ഇളയ സഹോദരൻ ടൈറ്റസിന്റെ വീട്ടിൽ നിന്നാണ് 5 ലക്ഷം രൂപ കണ്ടെടുത്തിട്ടുള്ളത്. മുത്ത സഹോദരൻ ബെന്നിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. പിടിച്ചെടുത്ത പണം പൊലീസ് ആർ ഡി ഒയ്ക്ക് കൈമാറും.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് സഹോദരന്മാരായ 3 പേരുടെ വീടുകളിലും ഒരെ സമയം തൊടുപുഴ ഡിവൈഎസ് പി മധുബാബുവിന്റെ നേതൃത്വത്തിൽ റെയ്ഡ് ആരംഭിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് റെയ്ഡ് അവസാനിച്ചത്. മാൻ കൊമ്പിന്റെ ഭാഗം പൊലീസ് വനംവകുപ്പ് അധികൃതർക്ക് കൈമാറും.

Leave a Reply