300 രൂപ കൊ‌ടുത്താൽ പത്തുമിനിറ്റിൽ ഹെൽത്ത് കാർഡ് റെഡി; ആരോ​ഗ്യവകുപ്പ് ഏറെ കൊട്ടിഘോഷിച്ച പദ്ധതിയും തുടക്കത്തിലെ പാളി

0

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് പദ്ധതി പാളുന്നു. ആരോ​ഗ്യവിഭാ​ഗത്തിലെ ചില ജീവനക്കാരുടെ പണത്തോടുള്ള ആർത്തിയാണ് പദ്ധതി അട്ടിമറിക്കുന്നത്. പണം കൊടുത്താൽ ഒരു പരിശോധനയുമില്ലാതെ ഇഷ്ടം പോലെ ആരോ​ഗ്യ കാർഡ് കിട്ടും എന്നതാണ് നിലവിലെ സ്ഥിതി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇത് സംബന്ധിച്ച ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.

എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ. എഫ്എസ്എസ്എഐയുടെ വെബ് സൈറ്റിൽ നിന്ന് മെഡിക്കൽ ഫിറ്റ്നസ് ഫോം ഡൗൺ ലോഡ് ചെയ്യുക, ഡോക്ടറുടെ നിർദേശ പ്രകാരം ശാരീക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വ്രണം, മുറിവ് എന്നിവയുണ്ടോ എന്ന് നോക്കാനുള്ള പരിശോധന, വാക്സിനെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകർച്ച വ്യാധികൾ ഉണ്ടോ എന്നറിയാനുളള രക്ത പരിശോധന, സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും. അങ്ങനെ വലിയ കടമ്പകൾക്ക് ശേഷം മാത്രം ഹെൽത്ത് കാർഡ് എന്നായിരുന്നു അവകാശവാദം. എന്നാൽ, നടക്കുന്നത് അങ്ങനെയൊന്നുമല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം നഗരമധ്യത്തിലെ ജനറൽ ആശുപത്രി. പാർക്കിംഗ് ഫീസ് പിരിക്കുന്ന അനിലാണ് ഹെൽത്ത് കാർഡ് ശരിയാക്കി കൊടുക്കുന്നതിന്റെ ഇടനിലക്കാരൻ എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അനിൽ പറഞ്ഞതനുസരിച്ച് ആർഎംഒ ‍ഡോക്ടർ വി അമിത് കുമാർ സെക്യൂരിറ്റി മുറിയിലിരുന്ന് പത്ത് മിനിറ്റിനുള്ളിൽ ഹെൽത്ത് കാർഡ് നൽകിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply