വീടുകയറി ആക്രമണം: പരുക്കേറ്റ യുവാവ്‌ മരിച്ചു , നിരവധി കേസുകളിലെ പ്രതി

0


ചേര്‍ത്തല: ആറംഗസംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച ഇരുപത്തിരണ്ടുകാരന്‍ മരിച്ചു. കഞ്ഞിക്കുഴി പോറ്റികവല തോട്ടുങ്കല്‍ ആദിത്യന്‍(22) ആണ്‌ ചികില്‍സയിലിരിക്കെ മരിച്ചത്‌. പ്രദേശവാസിയായ ആറുപേരെ മുഹമ്മ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
ഞായറാഴ്‌ വൈകുന്നേരം നാലോടെ ആറംഗസംഘം വീട്ടില്‍ കയറി ആദിത്യനെ മര്‍ദിക്കുകയും കുത്തുകയുമായിരുന്നു. തലയ്‌ക്കും ദേഹമാസകലവും പരുക്കേറ്റ ആദിത്യനെ ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. സ്‌ഥിതി വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. രാത്രി 12-ന്‌ ആദിത്യന്‍ മരിച്ചു. മുന്‍ വൈരാഗ്യമാണ്‌ ആക്രമണകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. വധശ്രമത്തിനും ആയുധം കൈയില്‍വച്ചതിനും പോലീസിനെ ആക്രമിച്ചതിനും ഉള്‍പ്പെടെ മുഹമ്മ സ്‌റ്റേഷനില്‍ ആദിത്യനെതിരേ ഏഴോളം കേസുകള്‍ നിലവിലുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആദിത്യന്റെ ബന്ധുക്കളുള്‍പ്പെടെ നിരീക്ഷണത്തിലാണ്‌. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ്‌ പറഞ്ഞു.
ഫൊറന്‍സിക്‌ വിദഗ്‌ധര്‍ സ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മുഹമ്മ പോലീസ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ എന്‍. വിജയന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്‌: സുധ.

Leave a Reply