അടിച്ചു‌ പൂസായി ട്രെയിനിൽ; മൂത്രശങ്ക തോന്നി എഴുന്നേറ്റപ്പോൾ കാലുറച്ചില്ല; പിടിച്ചത് അപായച്ചങ്ങലയിൽ; യാത്രക്കാരൻ കുടുങ്ങി 

0

കോട്ടയം: മദ്യപിച്ച് ലക്കുകെട്ട് ട്രെയിനിൽ യാത്ര ചെയ്യവേ മൂത്രശങ്ക തോന്നി. ശുചിമുറിയിലേക്ക് പോകാൻ എഴുന്നേറ്റപ്പോൾ വീഴാൻ പോയി. ബാലൻസിന് പിടിച്ചത് അപായച്ചങ്ങലയിൽ. ഇതോടെ ട്രെയിൻ പത്ത് മിനിറ്റോളം പിടിച്ചിട്ടു. കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് ഭിന്ന ശേഷിക്കാരനായ ആൾ മദ്യ ലഹരിയിൽ അപായച്ചങ്ങല വലിച്ചത്. ഇന്നലെ രാവിലെ എട്ട് മണിക്കാണ് സംഭവം. 

ചെന്നൈ – തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. ഭിന്നശേഷിക്കാരനായ ഇയാൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്. ട്രെയിൻ ഉടൻ നിർത്തി. ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇയാൾ മദ്യലഹരിയിൽ ആടുകയായിരുന്നു.

ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്തപ്പോഴാണു ശുചിമുറിയിലേക്കു പോകാനെഴുന്നേറ്റപ്പോൾ അബദ്ധത്തിൽ ചങ്ങല വലിക്കുകയായിരുന്നുവെന്നു വെളിപ്പെടുത്തിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽ മദ്യക്കുപ്പി കണ്ടെത്തി. മനഃപൂർവം ചെയ്തതല്ലെന്നു സമ്മതിച്ചതിനാലും ഭിന്നശേഷിക്കാരനായതിനാലും കേസെടുത്തില്ല.

Leave a Reply