ചൂടുകൂട്ടുന്നത്‌ എതിര്‍ച്ചുഴലി; വേനല്‍ മഴ അരികെ , സൂര്യാഘാത സാധ്യത കൂടും

0


കൊച്ചി : വടക്കെ ഇന്ത്യയില്‍ നിന്നുള്ള വരണ്ട കാറ്റ്‌ കേരളത്തെ പൊള്ളിക്കുന്നു. വടക്കന്‍ സംസ്‌ഥാനങ്ങളിലെ അന്തരീക്ഷ എതിര്‍ച്ചുഴലി കാരണം കാറ്റ്‌ തെക്കന്‍ ദിശയിലേക്ക്‌ വീശുന്നതാണ്‌ ചൂട്‌ കൂടാന്‍ കാരണം.
എതിര്‍ച്ചുഴലിയുടെ ദിശമാറിയാല്‍ ചൂടിന്‌ ശമനമുണ്ടാകുമെന്ന്‌ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അംശമില്ലാത്തിനാലാണ്‌ രാത്രിയില്‍ താപനില കുറയുകയും പുലര്‍കാലങ്ങളില്‍ തണുപ്പ്‌ അനുഭവപ്പെടുകയും ചെയ്ുയന്നത്‌. നിലവില്‍ സംസ്‌ഥാനത്ത്‌ പല ജില്ലകളിലും പകല്‍ താപനില ശരാശരി 36 ഡിഗ്രി സെല്‍ഷ്യസിലേക്ക്‌ ഉയര്‍ന്നിട്ടുണ്ട്‌. ചിലയിടങ്ങളില്‍ 38 ഡിഗ്രി കടന്നു. ഈ മാസം ഒടുവിലും മാര്‍ച്ച്‌ മാസാദ്യവും വേനല്‍ മഴയ്‌ക്കു സാധ്യതയുണ്ടെന്ന്‌ കുസാറ്റ്‌ റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്‌ടര്‍ ഡോ. അഭിലാഷ്‌ ചൂണ്ടിക്കാട്ടി.
വേനല്‍ മഴയ്‌ക്കുശേഷം അന്തരീക്ഷ ഈര്‍പ്പം കൂടും. ഈര്‍പ്പത്തിനൊപ്പം താപനില കൂടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത്‌ ശാരീരിക അസ്വസ്‌ഥകള്‍ക്ക്‌ ഇടയാക്കും. അടുത്ത മാസം 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവില്‍ സൂര്യരശ്‌മികള്‍ ലംബമായി പതിക്കുന്നത്‌ അന്തരീക്ഷതാപനില കൂട്ടും. സൂര്യാഘാത സാധ്യത കൂടും. അള്‍ട്രാവയലറ്റ്‌ വികിരണത്തോതും കൂടും.
മാര്‍ച്ച്‌ ആദ്യമുണ്ടാകുന്ന മഴയല്ലാതെ പിന്നീട്‌ സീസണില്‍ വേനല്‍മഴയ്‌ക്കു സാധ്യത കുറവാണെന്നാണ്‌ ഗവേഷകരുടെ നിഗമനം. പസഫിക്‌ സമുദ്രത്തില്‍ എല്‍നിനോ സാഹചര്യം നിലനില്‍ക്കുന്നതുമൂലം വേനലില്‍ മഴയുണ്ടാകാനുള്ള സാധ്യത കുറയുമെന്നും വിലയിരുത്തലുണ്ട്‌.

Leave a Reply