കാമുകിയെ കൊലപ്പെടുത്തി ഫ്രിഡ്‌ജില്‍ ഒളിപ്പിച്ചു; മണിക്കൂറുകള്‍ക്കം വിവാഹമണ്ഡപത്തിലേക്ക്‌

0


ന്യൂഡല്‍ഹി: നജഫ്‌ഗഡില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്‌ജില്‍ ഒളിപ്പിച്ച സംഭവത്തില്‍ മരണകാരണം സ്‌ഥിരീകരിച്ച്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. ശ്വാസം മുട്ടിയാണ്‌ യുവതി മരിച്ചതെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിന്‌ ചുറ്റും പാടുകളുണ്ടെന്നും മറ്റെവിടെയും പരുക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
മൃതദേഹം ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്നതിനാല്‍ മരണസമയം കൃത്യമായി പറയാനാകില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി. ഹരിയാനാ സ്വദേശി നിക്കി യാദവ്‌ (25) ആണ്‌ കൊല്ലപ്പെട്ടത്‌. സംഭവുമായി ബന്ധപ്പെട്ട്‌ യുവതിയുടെ കാമുകന്‍ സഹില്‍ ഗെലോട്ടി (24) നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. യുവതിയെ ഡേറ്റാ കേബിള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സംഭവം.
അതിനിടെ, ഡല്‍ഹി ഉത്തം നഗറില്‍ നിക്കി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നുമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു. അഞ്ചു മാസമായി നിക്കി സഹോദരിക്കൊപ്പം ഇവിടെയായിരുന്നു താമസം. പ്രതി സഹില്‍ ഇവിടെ പതിവു സന്ദര്‍ശകനായിരുന്നുവെന്ന്‌ അയല്‍വാസികള്‍ പറയുന്നു.
2018-ല്‍ ഉത്തംനഗറിലെ കോച്ചിങ്‌ സെന്ററിലാണ്‌ ഇരുവരും പരിചയപ്പെടുന്നത്‌. പിന്നീട്‌ ഇത്‌ പ്രണയമായി വളര്‍ന്നു. ഇതിനിടെയാണ്‌ മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹം നടത്താന്‍ സഹിലിനെ വീട്ടുകാര്‍ നിര്‍ബന്ധിച്ചത്‌. കഴിഞ്ഞ ഡിസംബറില്‍ വിവാഹ നിശ്‌ചയവും കഴിഞ്ഞു. ഫെബ്രുവരി പത്തിന്‌ വിവാഹം നടത്താനായിരുന്നു തീരുമാനം.
അതേസമയം, മറ്റൊരു വിവാഹം ഉറപ്പിച്ചകാര്യം സഹില്‍ നിക്കിയില്‍നിന്ന്‌ രഹസ്യമാക്കിവെച്ചു. പക്ഷേ, വിവാഹക്കാര്യം അറിഞ്ഞ നിക്കി ഇതേച്ചൊല്ലി കാമുകനുമായി തെറ്റി. ഒമ്പതിനു രാത്രി നിക്കിയുടെ ഫ്‌ളാറ്റിലെത്തിയ സഹില്‍ അവളെയും കൂട്ടി ഡല്‍ഹിയിലെ വിവിധ സ്‌ഥലങ്ങളില്‍ പോയി. അതിനിടയില്‍ അവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും മൊബൈല്‍കേബിള്‍ കഴുത്തില്‍ മുറുക്കി നിക്കിയെ സഹില്‍ കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പിച്ചതോടെ കാറില്‍ മൃതദേഹം ധാബയിലെത്തിച്ച്‌ ഫ്രിഡ്‌ജില്‍ ഒളിപ്പിക്കുകയായിരുന്നു.
കാമുകിയെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കം വീട്ടിലേക്ക്‌ മടങ്ങിയ പ്രതി, നേരത്തെ നിശ്‌ചയിച്ചതുപ്രകാരം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. യാതൊരു കൂസലുമില്ലാതെയാണ്‌ ഇയാള്‍ വിവാഹചടങ്ങുകളില്‍ പങ്കെടുത്തതെന്നും പോലീസ്‌ പറഞ്ഞു.ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ സഹില്‍ ഗലോട്ടിനെ അഞ്ചു ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ഡല്‍ഹി ദയാല്‍ ഉപാധ്യായ ആശുപത്രിയിലെ പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം നിക്കിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. അതിനിടെ, മകളുടെ ഘാതകന്‌ വധശിക്ഷ നല്‍കണമെന്ന്‌ നിക്കി യാദവിന്റെ പിതാവ്‌ ആവശ്യപ്പെട്ടു. ഒന്നരമാസം മുന്‍പാണ്‌ നിക്കി അവസാനമായി വീട്ടിലെത്തിയതെന്നും പിതാവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

Leave a Reply