തമിഴ്നാട്ടിൽ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. തിരുപ്പത്തൂരിലാണ് സംഭവം. പ്രാദേശിക ക്ഷേത്രത്തിലെ വാർഷിക തൈപ്പൂസ ഉത്സവത്തിന് മുന്നോടിയായി സൗജന്യ ധോത്തിയുടെയും സാരിയുടെയും ടോക്കൺ വിതരണത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്.
വള്ളിയമ്മാൾ (60), രജതി (62), നാഗമ്മാൾ (60), മല്ലിക (70) എന്നിവരാണ് മരിച്ചത്. വാണിയമ്പാടി പച്ചക്കറി മാർക്കറ്റിന് സമീപമാണ് ടോക്കൺ വിതരണം നടന്നത്.
പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ടോക്കൺ വിതരണം ചെയ്ത അയ്യപ്പൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഖേദം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.