കെസി വേണുഗോപാലിനും കെ സുധാകരനും വിഡി സതീശനുമെതിരെ തുറന്നടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

0

തിരുവനന്തപുരം: കെസി വേണുഗോപാലിനും കെ സുധാകരനും വിഡി സതീശനുമെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസില്‍ നടക്കുന്ന പല കാര്യങ്ങളും മുതിര്‍ന്ന നേതാക്കള്‍ അറിയുന്നില്ലെന്നും വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം സുധാകരനും സതീശനും ചേര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി ഒരുപാട് അവസരങ്ങള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കേരളത്തിലെ ചിലര്‍ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുന്നത് വേദനാജനകമാണെന്നും മുല്ലപ്പള്ളി ഒരുപ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.

വര്‍ക്കിംഗ് കമ്മിറ്റിയില്‍ വേണമെന്ന ആഗ്രഹങ്ങളൊന്നുമില്ല. മാന്യമായ പരിഗണന വേണം. അതുമാത്രമാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ”സുധാകരന്‍ പ്രസിഡന്റായ ശേഷം ഇന്നുവരെ ഒരു കാര്യത്തിനും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഒരു വിഷയവും കൂടിയാലോചിക്കാറില്ല. അദ്ദേഹത്തിന് തൊട്ടുമുന്‍പ് പ്രസിഡന്റായിരുന്ന ആളാണ് ഞാന്‍ എന്ന് ഓര്‍ക്കണം. പുനഃസംഘടനകള്‍ നടക്കുന്നതെല്ലാം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. എന്റെ സ്വന്തം ജില്ലയില്‍ ഭാരവാഹികളെ നിയമിക്കുന്നതും നീക്കുന്നതും ഒന്നും അറിയിക്കാറില്ല. ഇത്രയും അവഗണന നേരിട്ട മുന്‍ കെ.പി.സി.സി പ്രസിഡന്റ് വേറെ ഉണ്ടാവില്ല. കോഴിക്കോട്ട് വലിയ ആഘോഷമാക്കി ചിന്തന്‍ ശിബിരം നടത്തി. എന്നോട് ഒരുവാക്കു പോലും ആരും പറഞ്ഞില്ല. രണ്ട് ദിവസും വടകരയില്‍ ഉണ്ടായിട്ടും സമ്മേളനത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കേണ്ടിവന്നു.”- മുല്ലപ്പള്ളി അഭിമുഖത്തില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നേതൃത്വം തന്നെ ബലിമൃഗമാക്കുകയായിരുന്നെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.”കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും ഒരു ബലിമൃഗത്തെ വേണമായിരുന്നു. മാന്യമായി ഒഴിഞ്ഞുപോവാന്‍ പോലും അവസരം നല്‍കാതെ എന്നെ മാറ്റി. കെ.സി വേണുഗോപാല്‍ അറിയാതെ ഇതൊന്നും നടക്കില്ല എന്നത് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കുറ്റം മുഴുവന്‍ എന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രൂപീകരിച്ച സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെയാണ് വെച്ചത്. രമേശും വി.ഡി സതീശനും, ശശി തരൂരും എല്ലാം ഉള്‍പ്പെട്ട ആ സമിതിയില്‍ ഏഴാമനോ എട്ടാമനോ മാത്രമായാണ് കെ.പി.സി.സി. പ്രസിഡന്റിനെ വെച്ചത്. പ്രസിഡന്റിനെ ഇത്രയും അപമാനിക്കേണ്ടതുണ്ടോ. സത്യത്തില്‍ അന്ന് രാജിവെച്ചൊഴിയേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ചുമതലയൊഴിഞ്ഞാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനവും പ്രവര്‍ത്തകരും മാപ്പ് തരില്ല. അതുകൊണ്ട് എല്ലാം സഹിച്ച് തുടര്‍ന്നു. ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല. ആത്മാഭിമാനം വെടിയാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്രയും പറയേണ്ടിവന്നത്.”- മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here