മകളെ അന്വേഷിച്ചെത്തിയ പിതാവിനും സഹോദരനും സഹോദരീ ഭര്‍ത്താവിനും മര്‍ദനം: മൂന്നുപേര്‍ അറസ്‌റ്റില്‍

0


മാന്നാര്‍: ചെന്നിത്തല ചെറുകോലില്‍ കാണാതായ മകളെ അന്വേഷിച്ചെത്തിയ പിതാവിനെയും സഹോദരനെയും സഹോദരി ഭര്‍ത്താവിനെയും മര്‍ദിച്ച കേസില്‍ മൂന്ന്‌ പേരെ അറസ്‌റ്റു ചെയ്‌തു. ചെന്നിത്തല ചെറുകോല്‍ ഗോകുല്‍ നിവാസില്‍ ഗോകുല്‍(19), ഗ്രാമം ചിറയില്‍ തെക്കേതില്‍ ഉണ്ണി (ഷാനറ്റ്‌-25) ചെന്നിത്തല ചെറുകോല്‍ ഇടശേരിയത്ത്‌ വൈഷ്‌ണവ്‌ (20)എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ചെറുകോല്‍ മാലിയില്‍ വടക്കേതില്‍ പ്രവീണ്‍ (26) പിതാവ്‌ ഉണ്ണൂണി (48) ഉണ്ണൂണിയുടെ മരുമകന്‍ മാവേലിക്കര മറ്റം വടക്ക്‌ എലിസബത്ത്‌ വില്ലയില്‍ റോജന്‍ (45) എന്നിവര്‍ക്കാണ്‌ മര്‍ദനമേറ്റത്‌. കാണാതായ മകള്‍ ഗോകുലിന്റെ വീട്ടിലുണ്ടെന്ന്‌ അറിഞ്ഞ ശേഷം അന്വേഷിക്കാനായി വന്നവരെയാണ്‌ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്‌. തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ പ്രവീണ്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌. ഉണ്ണൂണിയുടെ കൈക്ക്‌ പൊട്ടലുണ്ട്‌. ഉണ്ണൂണ്ണിയുടെ മകളും ഗോകുലും തമ്മില്‍ പ്രണയത്തിലായിരുന്നു. അങ്ങനെയാണ്‌ മകള്‍ ഗോകുലിന്റെ വീട്ടില്‍ എത്തിയത്‌. സംഭവത്തില്‍ നാല്‌ പ്രതികളാണ്‌ ഉള്ളത്‌. ഒരാളെ കൂടി പിടികൂടാനുണ്ട്‌. സംഭവത്തില്‍ സഹോദരന്‌ ഗുരുതര പരിക്കേറ്റു എന്നറിഞ്ഞ ഉണ്ണൂണ്ണിയുടെ മകള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണെന്ന്‌ പോലിസ്‌ പറഞ്ഞു. എസ്‌ എച്ച്‌ ഒ ജോസ്‌ മാത്യുവിന്റെ നേതൃത്വത്തില്‍ എസ്‌.ഐ: അഭിരാം, അഡീഷണല്‍ എസ്‌.ഐമാരായ മധുസുദനന്‍, മോഹന്‍ദാസ്‌, സി.പി.ഒമാരായ സിദ്ദീഖുല്‍ അക്‌ബര്‍, പ്രമോദ്‌, ഹരിപ്രസാദ്‌ സാജിദ്‌ എന്നിവരടങ്ങിയ പോലിസ്‌ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.

Leave a Reply