പിതാവും പുത്രനും , കന്നി ഇരട്ട സെഞ്ചുറിയുമായി ടാഗ്നരൈന്‍ ചന്ദര്‍പോള്‍ (207*)

0


ബുലവായോ: ടെസ്‌റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയടിക്കുന്ന പിതാവും പുത്രനുമെന്ന അപൂര്‍വ റെക്കോഡുമായി വെസ്‌റ്റിന്‍ഡീഡിന്റെ ടാഗ്നരൈന്‍ ചന്ദര്‍പോളും ശിവ്‌നരൈന്‍ ചന്ദര്‍പോളും.
സിംബാബ്‌വേയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ടാഗ്നരൈന്‍ ഇരട്ട സെഞ്ചുറിയടിച്ചതോടെയാണ്‌ അപൂര്‍വ റെക്കോഡ്‌ പിറന്നത്‌്. ഓപ്പണറായ ടാഗ്നരൈന്‍ 467 പന്തില്‍ മൂന്ന്‌ സിക്‌സറും 13 ഫോറുമടക്കം 207 റണ്ണുമായി പുറത്താകാതെനിന്നു. വിന്‍ഡീസിനു വേണ്ടി 164 മത്സരങ്ങള്‍ കളിച്ച ശിവ്‌നരൈന്‍ ചന്ദര്‍പോള്‍ 11867 റണ്ണെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 2005 ല്‍ നേടിയ 203 റണ്ണാണ്‌ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടാഗ്നരൈനിന്റെ കരിയറിലെ മൂന്നാമത്തെ ടെസ്‌റ്റാണിത്‌.
ശിവ്‌നരൈന്‍-ടാഗ്നരൈന്‍മാര്‍ക്കു മുമ്പ്‌ ടെസ്‌റ്റില്‍ ഇരട്ട സെഞ്ചുറിയടിച്ച പിതാവും പുത്രനും പാകിസ്‌താന്റെ ഹനീഫ്‌ മുഹമ്മദും ഷുഐബ്‌ മുഹമ്മദുമാണ്‌. ഇന്ത്യയുടെ ലാലാ അമര്‍നാഥ്‌ – മൊഹീന്ദര്‍ അമര്‍നാഥ്‌, വിജയ്‌ മഞ്ചരേക്കര്‍ – സഞ്‌ജയ്‌ മഞ്ചരേക്കര്‍, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി- ഇഫ്‌തിഖര്‍ അലി ഖാന്‍ പട്ടൗഡി എന്നിവര്‍ ടെസ്‌റ്റില്‍ സെഞ്ചുറിയടിച്ച പിതാവ്‌- പുത്രന്‍ ജോഡികളാണ്‌.
ഒന്നാം ടെസ്‌റ്റില്‍ ടാഗ്നരൈനും നായകന്‍ കൂടിയായ ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റും ചേര്‍ന്ന്‌ ഓപ്പണിങ്‌ വിക്കറ്റില്‍ റെക്കോഡ്‌ കുറിക്കുകയും ചെയ്‌തു. ബുലവായോ സ്‌പോര്‍ട്‌സ് ക്ലബില്‍ ഇരുവരും ചേര്‍ന്ന്‌ 336 റണ്ണിന്റെ കൂട്ടുകെട്ടുമായാണ്‌ റെക്കോഡിട്ടത്‌. വിന്‍ഡീസിന്റെ 33 വര്‍ഷം പഴക്കമുള്ള ഓപ്പണിങ്‌ കൂട്ടുകെട്ടിന്റെ റെക്കോഡാണ്‌ അവര്‍ തിരുത്തിയത്‌. 1990 ഇംഗ്ലണ്ടിനെതിരേ സെന്റ്‌ ജോണ്‍സില്‍ ഗോര്‍ഡന്‍ ഗ്രീനിഡ്‌ജും ഡെസ്‌മണ്ട്‌ ഹെയ്‌ന്‍സും ചേര്‍ന്ന്‌ നേടിയ 298 റണ്ണിന്റെ റെക്കോഡാണു തിരുത്തിയത്‌. ടെസ്‌റ്റിലെ ഏറ്റവും ഉയര്‍ന്ന ഒന്‍പതാമത്തെ ഓപ്പണിങ്‌ കൂട്ടുകെട്ടാണ്‌ ഇന്നലെ പിറന്നത്‌.
2008 ലെ ബംഗ്ലാദേശിനെതിരേ നടന്ന ചാറ്റോഗ്രാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്‌മിത്തും നീല്‍ മക്‌കെന്‍സിയും ചേര്‍ന്നു നേടിയ 415 റണ്ണാണ്‌ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ്‌ കൂട്ടുകെട്ട്‌.
ടെസ്‌റ്റ് കരിയറിലെ 12-ാം സെഞ്ചുറി കുറിച്ച ബ്രാത്‌വെയ്‌റ്റ് 182 റണ്ണെടുത്തു. കരിയറിലെ മൂന്നാം ടെസ്‌റ്റ് കളിക്കുന്ന ടാഗ്നരൈന്‍ കന്നി ഇരട്ട സെഞ്ചുറിയുമായി പുറത്താകാതെനിന്നു.
വിന്‍ഡീസ്‌ ഒന്നാം ഇന്നിങ്‌സ് ആറിന്‌ 447 റണ്ണെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു. മൂന്നാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സിബാംബ്‌വേ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 84 റണ്ണെടുത്തിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here