ഭൂമിക്ക് ഭാരമാവാൻ ഫ്‌ളെക്‌സ് വേണ്ടേ വേണ്ട; ഇനി സെറാ മോഡൽ

0


കൊച്ചി: കേരളത്തിൽ ദൈനം ദിന ഉപയോഗത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഒന്നാണ് ഫ്‌ളെക്‌സുകൾ. നിരോധിത ഉത്പന്നങ്ങളിൽ പ്രിന്റ്് ചെയ്യുന്നതടക്കം പ്രതിദിനം ശരാശരി 22000 കിലോ ഫ്‌ളെക്‌സ് കേരളത്തിൽ അച്ചടിച്ച് പുറത്തുവരുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവ പലതും പിന്നെ പുനഃചംക്രമണം ചെയ്യാൻ കഴിയാതെ ഭൂമിക്ക് ഭാരമായി മാറുമെന്നതാണ് വലിയ വെല്ലുവിളി. ഇതിനെ മറികടക്കാൻ ‘സെറോ മോഡൽ’ എന്ന ആശയവുമായി ‘ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസിൽ’ എത്തിയിരിക്കുകയാണ് ആലുവ എരുമത്തലയിൽ നിന്നുള്ള ഗ്രീൻസൈൻസെറോ കമ്പനി.

100 ശതമാനം പി.വി സി. ഫ്രീ ആയ ഇക്കോ ഫ്രണ്ട്ലി റീസൈക്ലിങ് പോളിഎത്തലീൻ ബേസ് പ്രിന്റിങ് ഷീറ്റ് വിതരണം ചെയ്യുന്നു ഇവർ. ഇത് കിലോഗ്രാമിന് 20 രൂപയ്ക്ക് തിരികെ വാങ്ങാനും തയ്യാറാണ് ഇവർ. ക്ലീൻ കേരളയുമായി ധാരണയിലുമെത്തിയിട്ടുണ്ട് കമ്പനി.

തിരികെ വാങ്ങുന്ന പോളിഎത്തലിൻ ഷീറ്റുകൾ റീസൈക്ലിങ് യൂണിറ്റുകളിൽ എത്തിച്ച് ഗ്രാന്വൽസ് ആക്കി മാറ്റും. ഇതിനായി മഞ്ചേരിയിൽ ഇവരുടെ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ മറ്റു നിരവധി യൂണിറ്റുകളും.

ഗ്രാന്വൽസ് പിന്നീട് ആയിരത്തിന് മുകളിൽ വരുന്ന നിർമ്മാണയൂണിറ്റുകളിൽ വെച്ച് ചെടിച്ചെട്ടി, സ്റ്റൂൾ, ബക്കറ്റ്, മഗ്ഗ് തുടങ്ങിയ ഉത്പന്നങ്ങളായി മാറുന്നു. അങ്ങനെ മണ്ണിന് ഭാരമാകേണ്ട മാലിന്യത്തെ സീറോ വേസ്റ്റിലേക്ക് എത്തിച്ച് നിർമ്മാണ വസ്തുക്കളാക്കുന്നതാണ് ഇവരുടെ മോഡൽ.

Leave a Reply