ഇ. ചന്ദ്രശേഖരന്‍ ആക്രമിക്കപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന സി.പി.എം നേതാക്കളാണ് കൂറുമാറിയതെന്ന് വി.ഡി സതീശൻ

0

തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ഇ. ചന്ദ്രശേഖരന്‍ ആക്രമിക്കപ്പെട്ട കേസില്‍ സി.പി.എം ബി.ജെ.പിയുമായി ഒത്തുകളിച്ചതിനെ തുടര്‍ന്നാണ് സാക്ഷികള്‍ കൂറു മാറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി സി.പി.എം നേതാക്കളുടെ അകമ്പടിയില്‍ തുറന്ന ജീപ്പില്‍ സഞ്ചരിച്ചപ്പോഴാണ് ഇ. ചന്ദ്രശേഖരന്‍ ആക്രമിക്കപ്പെട്ടത്. അന്ന് ഒപ്പമുണ്ടായിരുന്ന അറിയപ്പെടുന്ന സി.പി.എം നേതാക്കളാണ് കൂറുമാറിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

എന്നിട്ടും ചന്ദ്രശേഖരന്‍ കൂറുമാറിയെന്ന വാര്‍ത്തയാണ് സി.പി.എം മുഖപത്രത്തില്‍ വന്നത്. കൂടെ നടക്കുന്നവരെ പോലും ഉപദ്രവിക്കുന്ന സ്ഥിതിയിലേക്ക് ബി.ജെ.പിയുമായുള്ള സി.പി.എം ബന്ധം വളര്‍ന്നിരിക്കുകയാണ്. സി.പി.ഐയേക്കാള്‍ സി.പി.എമ്മിന് പഥ്യം ബി.ജെ.പിയാണ്. ഈ അപകടം പരിണിതപ്രജ്ഞരായ സി.പി.ഐ നേതൃത്വം തിരിച്ചറിയുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. ബി.ജെ.പി നേതാക്കളെ രക്ഷിക്കാനാണ് മുതിര്‍ന്ന നേതാവായ ചന്ദ്രശേഖരനെ ആക്രമിക്കുന്ന കണ്ടില്ലെന്ന് കള്ളസാക്ഷി പറഞ്ഞത്.പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്റെ പേരില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരപരാധികള്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണം. മുസ് ലിം നാമധാരികളായതിന്റെ പേരിലാണ് നടപടിയെടുത്തത്. നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് മര്യാദകേടാണ്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചേ മതിയാകൂ.

ഭക്ഷ്യസുക്ഷാ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, 300 രൂപ നല്‍കിയാല്‍ ഒരു പരിശോധനയും നടത്താതെ ആര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് എടുക്കാമെന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇത് ആരോഗ്യ വകുപ്പിന് അപമാനമാണ്. ഇതുവരെ വിതരണം ചെയ്ത കാര്‍ഡുകള്‍ റദ്ദാക്കി നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here