വഴിപാടുകളുടെ പരസ്യം നല്‍കും ക്ഷേത്രങ്ങളിലേക്ക്‌ വിശ്വാസികളെ ആകര്‍ഷിക്കാന്‍ ദേവസ്വം ബോര്‍ഡ്‌

0


തിരുവനന്തപുരം : വഴിപാടുകള്‍ സംബന്ധിച്ച പരസ്യങ്ങള്‍ നല്‍കി ക്ഷേത്രങ്ങളിലേക്കു കൂടുതല്‍ വിശ്വാസികളെ കൊണ്ടുവരാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. പല ക്ഷേത്രങ്ങളിലെയും വഴിപാടുകള്‍ക്കു പ്രചാരണം കുറവായതിനാല്‍ വിശേഷപ്പെട്ടവയെക്കുറിച്ചറിഞ്ഞ്‌ കൂടുതല്‍ ഭക്‌തരെത്തണമെങ്കില്‍ പരസ്യങ്ങള്‍ അത്യാവശ്യമെന്നാണു ബോര്‍ഡ്‌ പറയുന്നത്‌. ദേവസ്വം ബോര്‍ഡുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ബോര്‍ഡുകളുമായി ബന്ധപ്പെട്ട കേസുകളുടെ സ്‌ഥിതിയുമടക്കം ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ. രാധാകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു പുതിയ തീരുമാനം.
വിശ്വാസികളെ കൂടുതലായി ആകര്‍ഷിക്കാന്‍ പ്രചാരണ പരിപാടികള്‍ നടത്താനും വരുമാനം വര്‍ധിപ്പിക്കാന്‍ പൂജകളുടെയും വഴിപാടുകളുടെയും എണ്ണം കൂട്ടാനും ക്ഷേത്രം അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുന്ന സര്‍ക്കുലര്‍ ദേവസ്വംബോര്‍ഡ്‌ പുറത്തിറക്കി. ക്ഷേത്രങ്ങളുടെ വരുമാനം കൂട്ടി സ്വയംപര്യാപ്‌തതയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണു തീരുമാനമെന്ന്‌ സര്‍ക്കുലറില്‍ പറയുന്നു. പ്രധാന വഴിപാടുകളും അതിന്റെ പ്രസക്‌തിയും എഴുതി പ്രദര്‍ശിപ്പിക്കണമെന്നും വിശേഷദിവസങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്‌. വഴിപാടുകള്‍ നടക്കുന്ന ദിവസങ്ങള്‍ മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കാനും മുന്‍കൂറായി രസീത്‌ നല്‍കാനുമാണു നിര്‍ദ്ദേശം.
ക്ഷേത്രങ്ങള്‍ അതത്‌ മേല്‍ശാന്തിയുമായി കൂടിയാലോചിച്ചു വേണം പുതിയ പൂജകള്‍ ആരംഭിക്കാന്‍. വിനായകചതുര്‍ഥി, ചിങ്ങം ഒന്ന്‌ തുടങ്ങിയ വിശേഷദിവസങ്ങളില്‍ എല്ലാ ക്ഷേത്രങ്ങളിലും ഗണപതിഹോമം പോലെയുള്ള വഴിപാടുകള്‍ നടത്തണം. ദേവീക്ഷേത്രങ്ങളില്‍ എല്ലാ പൗര്‍ണമിനാളുകളിലും ഭഗവതി സേവയും ഐശ്വര്യപൂജയും നടത്തണം. അയ്യപ്പ ക്ഷേത്രങ്ങളില്‍ ശനിയാഴ്‌ചതോറും വിശേഷാല്‍ ശനീശ്വര പൂജ നടത്തണം. നിത്യപൂജയില്ലാത്ത ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട വഴിപാടുകള്‍ ഉള്‍പ്പെടുത്തി നിത്യപൂജ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിലവിലുള്ള ടിക്കറ്റ്‌ കൗണ്ടറുകള്‍ക്കു പുറമേ നാലമ്പലത്തിനകത്ത്‌ പുതിയ രസീത്‌ കൗണ്ടറുകള്‍ തുടങ്ങണമെന്നും സര്‍ക്കുലറിലുണ്ട്‌.
വിശേഷദിവസങ്ങളില്‍ നെല്‍പ്പറ, എള്ളുപറ, മഞ്ഞള്‍പ്പറ എന്നീ വഴിപാടുകള്‍ എല്ലാ ക്ഷേത്രങ്ങളിലും ആരംഭിക്കും. വഴിപാടുകളുടെ പ്രാധാന്യം വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ അവ പ്രദര്‍ശിപ്പിക്കണം. വഴിപാടുകളെക്കുറിച്ച്‌ ജീവനക്കാര്‍ വിശ്വാസികളെ പറഞ്ഞു മനസിലാക്കണം. വിളക്കുകളില്‍ ഒഴിക്കുന്ന എണ്ണയിലടക്കം ഗുണമേന്മ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
തീരുമാനങ്ങള്‍ നടപ്പാക്കുന്നതുവഴി ആരാധനാലയങ്ങളെ സ്വയംപര്യാപ്‌തമാക്കാന്‍ ലക്ഷ്യമിടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1200 ക്ഷേത്രങ്ങളാണുള്ളത്‌. ഇവയില്‍ 50 എണ്ണം മാത്രമാണ്‌ നിലവില്‍ സ്വയംപര്യാപ്‌തത നേടിയത്‌. അധിക വരുമാനവും ക്ഷേത്രങ്ങളില്‍ സ്വകാര്യ നിക്ഷേപവും ഉറപ്പുവരുത്തും വിധമാണ്‌ ബോര്‍ഡിന്റെ പുതിയ നിര്‍ദേശങ്ങള്‍. ദേവസ്വങ്ങളുടെ അറ്റകുറ്റപ്പണി നടത്താന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും ഊട്ടുപുരകളും ഓഡിറ്റോറിയങ്ങളും അറ്റകുറ്റപ്പണി തീര്‍ത്ത്‌ വാടകയ്‌ക്കു നല്‍കാനും ബോര്‍ഡ്‌ ലക്ഷ്യമിടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here