ഷർജീൽ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയിൽ; സംഘർഷത്തിന് വഴിവച്ചത് ഷർജീൽ ഇമാം നടത്തിയ പ്രസംഗമെന്ന് പൊലീസ്

0

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു 2019ൽ ജാമിയ മിലിയ സർവകലാശാലയിലുണ്ടായ സംഘർഷക്കേസിൽ ജെ.എൻ.യു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാമിനെ വെറുതെ വിട്ട ഡൽഹി സാകേത് കോടതിയുടെ ഉത്തരവിനെതിരെ അപ്പീലുമായി ഡൽഹി പൊലീസ്. ഷർജീലിനെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെയാണ് പൊലീസ് സമീപിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ മൂന്ന് ദിവസം നീണ്ട സംഘർഷം അരങ്ങേറിയിരുന്നു. ഈ സംഘർഷത്തിലേക്ക് വഴിവെച്ചത് 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണെന്നാണ് പൊലീസ് ആരോപണം.

വിദ്യാർത്ഥി നേതാക്കളായ ഷർജീൽ ഇമാം, ആസിഫ് ഇക്‌ബാൽ താഹ എന്നിവരുൾപ്പെടെ 11 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്നും പ്രതിചേർക്കപ്പെട്ടവരെ പൊലീസ് ബലിയാടാക്കുകയായിരുന്നെന്നും വ്യക്തമാക്കിയാണു സാകേത് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അരുൾ വർമയുടെ ഉത്തരവ്. പ്രതിചേർക്കപ്പെട്ട മുഹമ്മദ് ഇല്യാസിനെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു.

2019 ഡിസംബറിൽ ജാമിയ സർവകലാശാലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഷർജീൽ ഇമാം, സഫൂറ സർഗാർ, ആസിഫ് ഇക്‌ബാൽ താഹ, മുഹമ്മദ് അബൂസർ, ഉമിർ അഹമ്മദ്, മുഹമ്മദ് ഷുഹൈബ്, മഹ്‌മൂദ് അൻവർ, മുഹമ്മദ് ക്വാസിം, മുഹമ്മദ് ബിലാൽ നദീം, ഷഹ്‌സർ റാസ ഖാൻ, ചന്ദാ യാദവ്, മുഹമ്മദ് ഇല്യാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിലാണു ഇല്യാസ് ഒഴികെയുള്ളവരെ വിട്ടയച്ചുകൊണ്ടുള്ള നടപടി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഷർജീൽ ഇമാമിനു ജയിൽമോചിതനാകാൻ സാധിക്കില്ല.

Leave a Reply