നിലമ്പൂർ മമ്പാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി

0

മലപ്പുറം:നിലമ്പൂർ മമ്പാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി.ചുങ്കത്തറ സ്വദേശിനിയായ 24കാരിയായ സുൽഫത്തിനെ ഇന്ന് പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സുൽഫത്തിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടതെന്ന് ബന്ധുക്കളും അയൽക്കാരും പറഞ്ഞു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.പുലർച്ചെ ഷെമീറിന്റെ വീട്ടിൽനിന്ന് ബഹളം കേട്ടിരുന്നെങ്കിലും ഇടയ്ക്കിടെ ഇത് പതിവായതിനാൽ അയൽക്കാർ ആദ്യം കാര്യമാക്കിയില്ല. പിന്നീട് ഷെമീറിന്റെ വീട്ടിലെത്തിയപ്പോളാണ് സുൽഫത്തിന്റെ മൃതദേഹം കെട്ടഴിച്ചശേഷം നിലത്തുകിടത്തിയനിലയിൽ കണ്ടത്.

അതേസമയം, യുവതിയുടെ ശരീരത്തിൽ കയർ മുറുകിയതിന്റെ പാടുകളൊന്നും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനാലാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയത്.

ഷെമീർ-സുൽഫത്ത് ദമ്പതിമാർക്ക് രണ്ടുമക്കളാണുള്ളത്. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

Leave a Reply