കീഴുപറമ്പ് സി.എച്ച് ക്ലബ് സംഘടിപ്പിച്ച ഉത്തരമേഖലാ ജലോത്സവത്തിനിടെ സംഘർഷം

0

കീഴുപറമ്പ് സി.എച്ച് ക്ലബ് സംഘടിപ്പിച്ച ഉത്തരമേഖലാ ജലോത്സവത്തിനിടെ സംഘർഷം. ഫൈനൽ നടത്താൻ കഴിയാതായതോടെ നറുക്കിട്ട് വിജയികളെ പ്രഖ്യാപിച്ചു. ഇതെതുടർന്നുണ്ടായ സംഘർഷം കൂട്ടത്തല്ലിൽ കലാശിച്ചു.

ഫൈനൽ നടത്താൻ കഴിയാതെ നറുക്കിടുകയും വിജയികളെ പ്രഖ്യാപിക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നൂറുകണക്കിന് കാണികൾ ചിതറിയോടുന്നതും വലിയ മതിലിനു മുകളിൽ നിന്നും ആളുകൾ താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

പി.കെ. ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്ത പരിപാടി ആഘോഷപൂർവ്വമാണ് നാട്ടുകാരും കാണികളും ഏറ്റെടുത്തത്. സെമി ഫൈനലിൽ വി. വൈ.സി വാവൂരും കർഷകൻ ഓത്ത് പള്ളിപ്പുറായയും തമ്മിൽ നടന്ന മൽസരത്തെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് ട്രാക്കിൽ പ്രതിഷേധവുമായി തുഴച്ചിലുകാർ പ്രതിഷേധിച്ചു.

തുടർന്ന് നടന്ന സമ്മാനദാനച്ചടങ്ങിനിടെയാണ് അടി തുടങ്ങിയത്. രണ്ടാം സ്ഥാനം ലഭിച്ച മൈത്രി വെട്ടുപാറയുടെ തുഴച്ചിലുകാരൻ ഫവാസിനെ സ്റ്റേജിൽ കയറിയപ്പോൾ തള്ളി താഴെ ഇട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘർഷം ഒഴിവാക്കാൻ ലാത്തി വീശിയതോടെ ജനം ചിതറിയോടി. വലിയ മതിലിനു മുകളിൽ നിന്ന് നിരവധി പേരാണ് താഴേക്ക് പതിച്ചത്. തുഴച്ചിലുകാർക്കും കാണികൾക്കും സ്ത്രീകൾക്കും പരിക്കേറ്റതായാണ് വിവരം. ഇലക്ട്രിക് ലൈറ്റും മറ്റ് സംവിധാനങ്ങളും ആളുകളുടെ ഇടയിലേക്ക് മറിഞ്ഞുവീണു. പുഴയോരത്ത് ജനം ചിതറിയോടിയത് ആശങ്ക പരത്തി.

Leave a Reply