ചൈനീസ്‌ ചാരബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടു

0


ന്യൂയോര്‍ക്ക്‌: ചൈനീസ്‌ സൈന്യം ചാരപ്രവര്‍ത്തനത്തിനു നിയോഗിച്ച ബലൂണാണു വെടിവച്ചിട്ട തെന്നാവര്‍ത്തിച്ച്‌ യു.എസ്‌. രഹസ്യാന്വേഷണ വൃത്തങ്ങള്‍. തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ വിവരശേഖരണത്തിനു ചൈന ഇത്തരം ബലൂണുകള്‍ ഉപയോഗിച്ചിരുന്നതായി വിശ്വസിക്കുന്നുവെന്ന്‌ പേര്‌ വെളിപ്പെടുത്താത്ത ഉദ്യോഗസ്‌ഥര്‍ വാഷിങ്‌ടണ്‍ പോസ്‌റ്റിനോടു പറഞ്ഞു. ജപ്പാന്‍, ഇന്ത്യ, തായ്‌വാന്‍, ഫിലിപ്പീന്‍സ്‌, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം നടന്നിട്ടുള്ളതായും അവര്‍ വ്യക്‌തമാക്കി. നാവിക സൈനികത്താവളം സ്‌ഥിതിചെയ്യുന്ന തെക്കന്‍ദ്വീപായ ഹൈനാനില്‍നിന്ന്‌ ചൈന ബലൂണുകള്‍ അയച്ചത്‌.
പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി നടത്തുന്ന വ്യോമനിരീക്ഷണ പരിപാടിയുടെ ഭാഗമാണിതെന്നു യു.എസ്‌. ഇന്റലിജന്‍സ്‌ വിഭാഗം വിശ്വസിക്കുന്നതായി ഉന്നത ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച്‌ സി.ബി.എസ്‌. ന്യൂസ്‌ സ്‌ഥിരീകരിച്ചു. ചൈനയുടെ ചാരവൃത്തിയെക്കുറിച്ച്‌ 40 സഖ്യരാജ്യങ്ങളോട്‌ തിങ്കളാഴ്‌ച യു.എസ്‌. വിശദീകരിച്ചിരുന്നു. ഹവായ്‌ക്കും ഫ്‌ളോറിഡയ്‌ക്കും മുകളിലൂടെ 2019 ല്‍ ഇത്തരമൊരു ഒരു ബലൂണ്‍ നിരീക്ഷണം ചൈന നടത്തിയിരുന്നതായി യു.എസ്‌. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ വിശദീകരണത്തിനിടെ വെളിപ്പെടുത്തി.
ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, രഹസ്യാന്വേഷണ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന യു.എസ്‌. കോണ്‍ഗ്രസ്‌ നേതാക്കളുടെ ഗ്രൂപ്പായ ഗാങ്‌ ഓഫ്‌ എയ്‌റ്റ്‌ ഇന്നലെ സംഭവവികാസങ്ങള്‍ വിശദീകരിച്ചിരിക്കാനാണു സാധ്യത. വിശകലനങ്ങള്‍ ഇന്നും തുടരുമെന്നും സൂചനയുണ്ട്‌. ചാരബലൂണുകളുടെ കണ്ടെത്തല്‍ അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിനു കാരണമായിട്ടുണ്ട്‌. ആദ്യബലൂണ്‍ കണ്ടെത്തിയശേഷം നടക്കാനിരുന്ന ബെയ്‌ജിങ്‌ യാത്ര യു.എസ്‌. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റദ്ദാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നിശ്‌ചയിച്ചിരുന്ന തന്ത്രപ്രധാന കൂടിക്കാഴ്‌ച ഒഴിവായതിനെ ഏറെ ഗൗരവത്തോടെയാണ്‌ ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്‌.
ദീര്‍ഘകാലമായി ആസൂത്രണം ചെയ്‌ത സന്ദര്‍ശനം നടക്കാനിരിക്കെ ചാരബലൂണുകള്‍ എത്തുന്നത്‌ നിരുത്തരവാദപരവും അംഗീകരിക്കാനാവാത്തതുമാണെന്ന്‌ ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here