ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു

0

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇ ഡി കസ്റ്റഡി നീട്ടി ചോദിച്ചില്ല. അതേസമയം കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കി.
അടച്ചിട്ട കോടതി മുറിയിലാണ് നടപടികള്‍. കഴിഞ്ഞ തവണ കേസ് പരിഗണിച്ചത് തുറന്ന കോടതിയിലായിരുന്നു. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.

കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടര്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇ ഡി നേരത്തേ കോടതിയില്‍ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഇ ഡി കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി 24 വരെ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നത്.

ഒമ്പത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കൂടതല്‍ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല. ഇത്രയും ദിവസം ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കര്‍ കൃത്യമായ ഉത്തരം നല്‍കിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. കൊച്ചി ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ ആണ് നിര്‍ദേശം നല്‍കിയത്.2020 ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

അന്ന് സി എം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇ ഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളില്‍ ഇ ഡി സംശയം പ്രകടിപ്പിച്ചിരുന്നു.

Leave a Reply