രണ്ടാം നിലയില്‍ നിന്നു ബിനീഷ് ചാടി​യോടി വന്നിട്ടും അമ്മയെ രക്ഷിക്കാനായില്ല ; അഞ്ചുവര്‍ഷ​ത്തെ കഠിനാധ്വാനവും കത്തിയമര്‍ന്നു ; നശിച്ചത് ആറു കിടപ്പു മുറികളോടു കൂടിയ ഇരുനില വീട്

0

മണിമല: വ്യാഴാഴ്ച രാത്രി നടന്നതൊന്നും താങ്ങാനാകാതെ വിതുമ്പുകയാണ് ബിനീഷ്, അമ്മയുടെ മരണം, ആറ്റുനോറ്റുണ്ടാക്കിയ വീടിന്റെ തകര്‍ച്ച ഓര്‍മിക്കുമ്പോള്‍ ബിനീഷിന്റെ സങ്കടം വര്‍ധിക്കുന്നു. മണിമല ഹോളി മാഗി പള്ളിയ്ക്കു സമീപം വീട്ടില്‍ തീ പടര്‍ന്നു മരിച്ച മേരിയുടെ മകനാണ് ബിനീഷ്. ഏതാനും മിനിറ്റുകള്‍ മുമ്പ് വരെ ബിനീഷും ഭാര്യയും മക്കളും മേരിയുടെ സമീപമുണ്ടായിരുന്നു. തുടര്‍ന്ന് എല്ലാവരും കിടക്കാനായി പോയതിനു പിന്നാലെയാണ് തീപിടുത്തവും മരണവുമുണ്ടായത്.

മാതാവിന്റെ വിയോഗം ഇപ്പോഴും ബിനീഷിനു താങ്ങാനാകുന്നില്ല. നിര്‍മാണ കരാറുകാരനായ ബിനീഷിനു ചെറിയൊരു വീട് മാത്രമേയുണ്ടായിരുന്നുള്ളു. അവിടേയ്ക്ക് എത്താന്‍ വഴിയുമില്ലായിരുന്നു. തുടര്‍ന്ന് സ്വപ്‌നങ്ങള്‍ സ്വരുക്കൂട്ടി കഠിനാധ്വാനം ചെയ്തു അഞ്ചുവര്‍ഷം കൊണ്ട് നിര്‍മ്മിച്ച മനോഹരമായ വീടാണു കത്തി നശിച്ചത്. ഒപ്പം അമ്മയും മരിച്ചു.

തീയിലും പുകയിലും ശ്വാസംമുട്ടിയ മാതാപിതാക്കളെ രക്ഷിക്കാന്‍ രണ്ടാം നിലയില്‍ നിന്നു ചാടിയെങ്കിലും മാതാവിനെ രക്ഷിക്കാനായില്ലെന്നതു ബിനീഷിന്റെ സങ്കടം ഇരട്ടിയാക്കുന്നു. രണ്ടാം നിലയിലെ ബാല്‍ക്കെണിയില്‍ നിന്നു ഷേഡില്‍ പതിപ്പിച്ച ഓടിലൂടെ ചാടിയപ്പോള്‍ ബിനീഷിന്റെ കാലിനു പൊട്ടലേറ്റിരുന്നു.വഴി സൗകര്യമുള്ള സ്ഥലത്തു പുതിയ വീട് വയ്ക്കണമെന്നും അവിടെ മാതാപിതാക്കളെയും ഒപ്പം കൂട്ടി സന്തോഷമായി കഴിയണമെന്നുള്ള ആഗ്രഹം സാഫലമായെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല.

മണിമല: ആറു കിടപ്പു മുറികളോടു കൂടി ആധുനിക രീതിയില്‍ നിര്‍മിച്ച ഇരുനില വീടാണു നിമിഷങ്ങള്‍ക്കുള്ളില്‍ കത്തി നശിച്ചത്. മൂവായിരത്തിലധികം ചതുരശ്രഅടി വിസ്തീര്‍ണമുളള വീടിന്റെ പ്രധാന കതകുളും ജനലുകളും സ്റ്റീലില്‍ നിര്‍മിച്ചതായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇതു തടസമായിരുന്നു. ബിനീഷും അയല്‍വാസികളും ഏറെ പ്രയത്‌നിച്ചാണ് പ്രധാന വാതില്‍ തകര്‍ത്ത് അകത്തു കയറി പിതാവ് ശെല്‍രാജിനെ രക്ഷിച്ചത്.

താഴത്തെ നിലയിലുള്ള രണ്ടു ഹാളുകള്‍ ആര്‍ച്ചുകളും ഇന്റീരിയല്‍ വര്‍ക്കുകളും ചെയ്തു മനോഹരമാക്കിയിരുന്നു. നിറയെ െലെറ്റുകളും ഇവിടെ സജ്ജീകരിച്ചിരുന്നു. ഈ ഹാളുകളില്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. മുറിയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ജിപ്‌സം ബോര്‍ഡുകളും കബോര്‍ഡുകളും ഫര്‍ണിച്ചറുകളും കത്തി തീ അതിവേഗം പടര്‍ന്നു. ഇതോടെ വീടു മുഴുവന്‍ പുക നിറഞ്ഞതോടെ ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ജനല്‍ക്കമ്പികള്‍ ചൂടില്‍ വളഞ്ഞു. പ്ലാസ്റ്റിക് ഉപകരണങ്ങള്‍ പൂര്‍ണമായി കത്തി.

വയറിങ്ങ് പൂര്‍ണമായും കത്തിയമര്‍ന്നു. ട്യൂബും െലെറ്റ് ഫിറ്റിങ്ങുകളും ഫാനും കത്തി ഉരുകി വീണിരുന്നു. വീടിന്റെ വെളിയിലുള്ള സി.സി.ടിവി കാമറകള്‍ പലതും കത്തി. ഹാളില്‍ നിന്നാവും തീ പടര്‍ന്നതെന്നു സംശയമെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള കാരണം കണ്ടെത്താനായിട്ടില്ല. വീടിനു വെളിയിലുള്ള മീറ്റര്‍ ബോക്‌സിനു യാതൊരുവിധ കുഴപ്പങ്ങളും സംഭവിച്ചിട്ടില്ലെന്നു പരിശോധന നടത്തിയ കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിലെ ഇന്റീയര്‍ വര്‍ക്കുകള്‍ തീ പിടുത്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നാണു പോലീസും അഗ്നിശമന സേനയും നല്‍കുന്ന സൂചന.

മണിമല: തീപിടുത്തമുണ്ടായ വിവരം പുറത്തറിഞ്ഞതിനു പിന്നാലെ കാഞ്ഞിരപ്പള്ളിയില്‍ അഗ്നിശമന സേനയെ അറിയിക്കുകയും ഇവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കുതിച്ചെത്തുകയും ചെയ്തുവെങ്കിലും പ്രയോജനമുണ്ടായില്ല.വീതി കുറഞ്ഞ റോഡും വലിയ കയറ്റവും വളവും മൂലം അഗ്നിശമന സേനയുടെ വാഹനത്തിനു തീ പിടിച്ച വീടിന് സമീപത്തേയ്ക്ക് എത്താനായില്ല. ഒരു കിലോമീറ്ററോളം അകലെ അഗ്നിശമന സേനയ്ക്ക് യാത്ര അവസാനിപ്പിക്കേണ്ടി വന്നു

LEAVE A REPLY

Please enter your comment!
Please enter your name here