ഇസ്രയേലില്‍ ‘മുങ്ങിയ’ ബിജു ഇന്നെത്തും

0


തിരുവനന്തപുരം: കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ പോയ കര്‍ഷകസംഘത്തില്‍നിന്നു മുങ്ങിയ ഇരട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയ വിവരം ഇസ്രേലി അന്വേഷണ ഏജന്‍സി ഇന്റര്‍പോളിനെയും ഇന്ത്യന്‍ എംബസിയേയും അറിയിച്ചു. തുടര്‍ന്ന്‌, ബിജുവിനെ തിരിച്ചയയ്‌ക്കുമെന്ന്‌ ഇന്ത്യന്‍ അംബാസഡര്‍ രാജീവ്‌ ബോഖേഡേ കൃഷിവകുപ്പ്‌ സെക്രട്ടറി ബി. അശോകിനെ അറിയിച്ചു.
ബിജു ഇന്ന്‌ നാട്ടിലെത്തുമെന്നു നേരത്തേ കൃഷിമന്ത്രി പി. പ്രസാദ്‌ അറിയിച്ചിരുന്നു. സഹോദരനാണ്‌ ഇക്കാര്യം തന്നെ അറിയിച്ചതെന്നും എന്താണു സംഭവിച്ചതെന്നു ബിജുതന്നെ പറയണമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മുങ്ങിയതല്ലെന്നും ഇസ്രയേലിലെ പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതാണെന്നുമാണു ബിജു പറഞ്ഞതെന്ന്‌ സഹോദരന്‍ ബെന്നി അറിയിച്ചിരുന്നു. ബിജു തന്നെ വിളിച്ചതായും ഇന്ന്‌ കോഴിക്കോട്ട്‌ എത്തുമെന്നും ബെന്നി അറിയിച്ചു. മേയ്‌ എട്ടുവരെ കാലാവധിയുള്ള വിസ റദ്ദാക്കണമെന്നു കേരളസര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. നയതന്ത്രതലത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദം ശക്‌തമാക്കിയതോടെയാണു ബിജുവിന്‌ നാട്ടിലേക്കു തിരിക്കേണ്ടിവന്നത്‌. സംഭവത്തില്‍ ബിജു മന്ത്രി പ്രസാദിനോട്‌ ഉള്‍പ്പെടെ ഖേദം പ്രകടിപ്പിച്ചതായും സൂചനയുണ്ട്‌. കഴിഞ്ഞ 16-നു രാത്രിയാണു ബിജുവിനെ ഇസ്രയേലില്‍ കാണാതായത്‌.

Leave a Reply