ഇന്നു നടക്കുന്ന വനിതകളുടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും

0

ഇന്നു നടക്കുന്ന വനിതകളുടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും.
കേപ്‌ ടൗണില്‍ ഇന്ത്യന്‍ സമയം വൈകിട്ട്‌ 6.30 മുതലാണു മത്സരം. രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ ആറ്‌ റണ്ണിനു തോല്‍പ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ടീം ഏതെങ്കിലും ഫൈനലില്‍ കളിക്കുന്നത്‌. നിലവിലെ ചാമ്പ്യനായ ഓസ്‌ട്രേലിയ ഇന്ത്യയെ അഞ്ച്‌ റണ്ണിനു തോല്‍പ്പിച്ചാണു ഫൈനലില്‍ കടന്നത്‌.
ദക്ഷിണാഫ്രിക്ക ആദ്യമായി ഫൈനലില്‍ കടന്ന അമ്പരപ്പിലാണ്‌, മറുപക്ഷത്ത്‌ തുടര്‍ച്ചയായി മൂന്നാം ട്വന്റി20 ലോക കിരീടം ഉറപ്പിച്ച മട്ടിലാണ്‌ ഓസീസ്‌. ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട്‌ മൂന്ന്‌ റണ്ണിനും രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയോട്‌ ആറ്‌ വിക്കറ്റിനും തോറ്റിരുന്നു. അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തതോടെയാണു സെമിയില്‍ കടന്നത്‌.
സെമി മത്സരങ്ങള്‍ നടന്ന ന്യൂലാന്‍ഡ്‌സിലാണ്‌ ഫൈനലും. പേസ്‌ ബൗളിങ്ങിന്‌ അനുകൂലമാണു പിച്ച്‌. വരണ്ട കാലാവസ്‌ഥയും ബാറ്റര്‍മാര്‍ക്കു വെല്ലുവിളിയാണ്‌.
കണക്കുകളില്‍ കേമന്‍ നിലവിലെ ചാമ്പ്യനായ ഓസ്‌ട്രേലിയയാണ്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ആറ്‌ ട്വന്റി20 കളും ജയിക്കാന്‍ അവര്‍ക്കായി. ഏകദിനത്തിലും മുന്‍തൂക്കം ഓസീസിനാണ്‌. 15 കളികളില്‍ 14 ലും അവരാണു ജയിച്ചത്‌. 2016 ലെ ഏകദിനം ടൈയായതാണു ദക്ഷിണാഫ്രിക്കയുടെ എടുത്തു പറയാവുന്ന നേട്ടം.
ഓപ്പണിങ്‌ ജോഡികളായ താസ്‌മിന്‍ ബ്രിറ്റ്‌്സും ലോറ വോള്‍വാര്‍ദുമാണു ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ഇരുവരും ചേര്‍ന്ന്‌ 299 റണ്ണാണ്‌ ഈ ലോകകപ്പില്‍ അടിച്ചെടുത്തത്‌. പേസ്‌ ബൗളിങ്‌ ജോഡി ഷബ്‌നിം ഇസ്‌മായിലും അയാബോങ്ക ഖാകയും ഓസീസിനു ഭയക്കണം. സ്‌പിന്നര്‍ നോന്‍കുലുലെകു എംലാബയുടെ സാന്നിധ്യവും ദക്ഷിണാഫ്രിക്കയ്‌ക്കു പ്ലസ്‌ പോയിന്റാണ്‌. അവര്‍ അന്തിമ ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല.
ടീം: ദക്ഷിണാഫ്രിക്ക – താസ്‌മിന്‍ ബ്രിറ്റ്‌്സ്‌, ലോറ വോള്‍വാര്‍ദ്‌, മാരിസാന കാപ്‌, സുനെ ലുസ്‌ (നായിക), ഷോലെ ട്രൈയോണ്‍, അനീകെ ബോഷ്‌, നാദിന ഡി ക്ലാര്‍ക്ക്‌, സിനാലോ ജാഫ്‌ത, ഷബ്‌നിം ഇസ്‌മായില്‍, അയാബോങ്ക ഖാക്ക, നോന്‍കുലുലെകു എംലാബ.
ഇന്ത്യക്കെതിരേ പുറത്തിരുന്ന ലെഗ്‌ സ്‌പിന്നര്‍ അലാന കിങിനെ ഓസ്‌ട്രേലിയ തിരിച്ചു വിളിക്കാനിടയില്ല. പകരം കളിച്ച ഇടംകൈയന്‍ സ്‌പിന്നര്‍ ജെസ്‌ ജോനാസന്‍ ഇന്നും കളിക്കുമെന്നാണു സൂചന. ഡെത്ത്‌ ഓവറുകളില്‍ ജോനാസന്‍ കൂടുതല്‍ ഫലപ്രദമാണെന്നു തെളിയിച്ചിരുന്നു.
ടീം: ഓസ്‌ട്രേലിയ- അലീസ ഹീലി, ബെത്‌ മൂണി, മെഗ്‌ ലാന്നിങ്‌ (നായിക), ആഷ്‌ലീഗ്‌ ഗാഡ്‌നര്‍, എലിസ പെറി, താഹ്ലിയ മക്‌ഗ്രാത്ത്‌, ഗ്രേസ്‌ ഹാരിസ്‌, ജോര്‍ജിയ വെയര്‍ഹാം, ജെസ്‌ ജോനാസന്‍, മെഗാന്‍ ഷ്വറ്റ്‌, ഡാര്‍സി ബ്രൗണ്‍

LEAVE A REPLY

Please enter your comment!
Please enter your name here