നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ, പെൺകുട്ടിയെ മർദ്ദിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വരുത്തി വച്ചത് അഞ്ച് അപകടങ്ങൾ

0

നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ, പെൺകുട്ടിയെ മർദ്ദിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വരുത്തി വച്ചത് അഞ്ച് അപകടങ്ങൾ. പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സ്റ്റാൻഡിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും, ഇയാൾ മുഖത്തടിക്കുകയും ആയിരുന്നു. കണ്ടുനിന്ന യാത്രക്കാർ ഇടപെട്ടതോടെ, കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് അഞ്ച് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചത്. ഒരു ബൈക്ക് യാത്രക്കാരന്റെ കാലൊടിഞ്ഞു. എങ്ങനെയും രക്ഷപ്പെടാൻ വേണ്ടി പാഞ്ഞുപോകുന്നതിനിടെ, കാർ ഇടിച്ചുനിന്നത് പൊലീസ് ജീപ്പിലാണ്. ഇയാൾക്കൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആനാവൂർ സ്വദേശി ഷിനോജും(20) പ്രായപൂർത്തിയാകാത്ത സുഹൃത്തുമാണ് അപകടപരമ്പര സൃഷ്ടിച്ചത്. അമ്മൻകോവിലിനു സമീപം കാർ നിർത്തിയിട്ട ശേഷം ഷിനോജ് ബസ് സ്റ്റാൻഡിനകത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സംസാരിക്കാനെത്തി. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ യുവാവ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. മുഖത്തടിക്കുകയും ചെയ്‌തെന്നാണ് വിവരം.

പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട് യാത്രക്കാർ ഇടപെട്ടതോടെ രക്ഷപ്പെടാനായി യുവാവിന്റെ ശ്രമം. വെപ്രാളത്തിൽ, കാറെടുത്ത് പോകുന്നതിനിടെ. ബസ് സ്റ്റാൻഡ് കവലയിൽ അരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയിൽ ഒരു ബൈക്ക് യാത്രക്കാരന്റെ കാലിനു പരിക്കേറ്റു. ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഒടുവിൽ കാർ പൊലീസ് ജീപ്പിൽ ഇടിച്ചാണ് നിന്നത്.

പൊലീസെത്തി പ്രതികളെ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, മർദ്ദിച്ചതിൽ തനിക്ക് പരാതിയില്ലെന്ന നിലപാടാണ് പെൺകുട്ടി സ്വീകരിച്ചത്. അലക്ഷ്യമായി കാറോടിച്ചതിനാണ് പൊലീസ് ഇരുവർക്കും എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here