മദ്യലഹരിയില്‍ വീടിനുള്ളില്‍ സംഘര്‍ഷം: മകന്റെ അടിയേറ്റ്‌ പിതാവ്‌ മരിച്ചു

0


കുറവിലങ്ങാട്‌: മദ്യലഹരിയില്‍ പിതാവും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ മകന്റെ അടിയേറ്റ്‌ പിതാവ്‌ മരിച്ചു. കുറവിലങ്ങാട്‌ നസ്രത്തുഹില്‍ കുളത്തുങ്കല്‍ തോരണത്ത്‌മലയില്‍ ടി.യു. ജോസഫ്‌ (ജോസ്‌ – 68) നെയാണ്‌ വീട്ടുമുറ്റത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ജോസിന്റെ മകന്‍ ജോണ്‍ പോള്‍ ജോസഫ്‌ (ബോബന്‍ -38) നെ കുറവിലങ്ങാട്‌ എസ്‌.എച്ച്‌.ഒ. നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ ജോണ്‍ കുറ്റസമ്മതം നടത്തിയതായി പോലീസ്‌ പറഞ്ഞു. സംഭവത്തെകുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ. ജോസഫും മകനും തനിച്ചാണ്‌ താമസിച്ചിരുന്നത്‌. മാതാവും സഹോദരങ്ങളും മറ്റിടങ്ങളിലാണ്‌. തിങ്കളാഴ്‌ച രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇരുവരും വീടിനുള്ളില്‍ വച്ചായിരുന്നു ഏറ്റുമുട്ടിയത്‌. സംഘര്‍ഷത്തിനിടയില്‍ ജോസഫ്‌ കയ്യില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച്‌ ജോണിനെ ആക്രമിച്ചു. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ജോണ്‍ വടി തിരികെ വാങ്ങി ജോസഫിനെ ആക്രമിക്കുകയായിരുന്നു.
അടിയേറ്റ ജോസഫ്‌ വീട്ടുമുറ്റത്ത്‌ ബോധരഹിതനായി വീണതോടെ ഇവിടെ നിന്നും പോയ ജോണ്‍ വീടിന്‌ സമീപത്തുപോയി കിടന്നു. രാവിലെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ ചലനമറ്റ്‌ കിടക്കുന്ന ജോസഫിനെയാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ സഹോദരനെയും അയല്‍വാസികളെയും ജോണ്‍ തന്നെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ കുറവിലങ്ങാട്‌ പോലീസ്‌ സംഘം സ്‌ഥലത്തെത്തുമ്പോഴും ജോണ്‍ അവിടെത്തന്നെ ഉണ്ടായിരുന്നു.
ജോസഫിന്റെ തലയ്‌ക്ക് പിന്നിലെ മുറിവ്‌ ജോണ്‍ അടിച്ചപ്പോഴുണ്ടായതാണെന്ന്‌ കരുതുന്നു. രക്‌തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ്‌ മരണം എന്നാണ്‌ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.
ഇരുവരും തമ്മില്‍ സംഘര്‍ഷം പതിവായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഭാര്യ: എത്സമ്മ രോഗബാധിതയായി ആര്‍പ്പൂക്കരയിലെ വീട്ടിലാണ്‌. മറ്റുമക്കള്‍: കുര്യന്‍ ജോസഫ്‌, എലിസബത്ത്‌ ജോസഫ്‌ (നഴ്‌സ് മാള്‍ട്ട). നഴ്‌സിങ്ങ്‌ പഠനം കഴിഞ്ഞ ജോണ്‍ പോള്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.

Leave a Reply