ഉത്സവത്തിനിടെ വാക്കുതര്‍ക്കം: യുവാവ്‌ കുത്തേറ്റ്‌ മരിച്ചു; പ്രതി അറസ്‌റ്റില്‍

0


അമ്പലപ്പുഴ: ഉത്സവത്തിനിടെ ക്ഷേത്രമൈതാനത്തുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവ്‌ കുത്തേറ്റു മരിച്ചു. മണിക്കൂറുകള്‍ക്കകം പ്രതി അറസ്‌റ്റിലായി. പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ പറവൂര്‍ തട്ടാന്തറ വീട്ടില്‍ സലിംകുമാറിന്റെ മകന്‍ അതുലാ(26)ണ്‌ കൊല്ലപ്പെട്ടത്‌. അക്രമത്തിനുശേഷം കടന്നുകളഞ്ഞ ആലപ്പുഴ പാലസ്‌ വാര്‍ഡ്‌ മുക്കവലയ്‌ക്കല്‍ നെടുചിറയില്‍ ശ്രീജിത്തി(ശ്രീക്കുട്ടന്‍-30)നെ പുന്നപ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തെളിവെടുപ്പിനുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.
ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം അതുലിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുെകാടുത്തു. മാതാവ്‌: അംബിക. ഭാര്യ: ഫെബിന. മകള്‍: ആമി. സഹോദരന്‍: അഞ്ചല്‍.
പറവൂര്‍ ഭഗവതിക്കല്‍ ക്ഷേേത്രാത്സവത്തിനിടെ 24 നു രാത്രി 11 നായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ചു നാടന്‍ പാട്ട്‌ അരങ്ങേറിയിരുന്നു. ഇതിനിടെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും അതുലുമായി വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. ക്ഷേത്രപരിസരത്തുണ്ടായിരുന്ന ശ്രീജിത്‌ സംഭവമറിഞ്ഞു സ്‌ഥലത്തെത്തുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട്‌ അതുലിനെ കുത്തുകയുമായിരുന്നു. പോലീസ്‌ എത്തിയപ്പോള്‍ ശ്രീജിത്ത്‌ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ അതുലിനെ പോലീസാണ്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചത്‌. കത്തിക്കുത്തില്‍ ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റ അതുല്‍ ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു.
ഒളിവില്‍പോയ പ്രതിയെ ഇന്നലെ ആലപ്പുഴയിലെ കോടതി പരിസരത്തുനിന്നാണ്‌ പുന്നപ്ര പോലീസ്‌ പിടികൂടിയത്‌. കാപ്പാ കേസിലും ആലപ്പുഴയില്‍ സിനിമയുടെ ഷൂട്ടിങ്‌ തടസപ്പെടുത്തിയ കേസിലും ശ്രീജിത്ത്‌ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. ഇയാള്‍ക്കെതിരേ കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റു കേസുകളൊന്നുമില്ല. എങ്കിലും കൈവശം കത്തി കരുതാറുണ്ടായിരുന്നെന്നു പോലീസ്‌ പറഞ്ഞു.
ജില്ലാ പോലീസ്‌ മേധാവി ചൈത്രാ തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ ഡിവൈ.എസ്‌.പി: ബിജു വി. നായരുടെ നേതൃത്വത്തില്‍ പുന്നപ്ര സി.ഐ. ലൈസാദ്‌ മുഹമ്മദ്‌, എസ്‌.ഐമാരായ രാകേഷ്‌, യു. ശ്രീജിത്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Leave a Reply