
റഷ്യൻ അധിനിവേശം ഒരു വർഷം പൂർത്തിയാക്കുമ്പോഴും ആവേശം ചോരാതെ യുക്രെയ്ൻ. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച അവർ വിജയം വരെ പോരാട്ടം തുടരുമെന്നു പ്രതിജ്ഞ ചെയ്തു. ഇതേസമയം, യുക്രെയ്നിന്റെ കിഴക്കൻ മേഖലയിൽ സൈന്യം മുന്നേറുന്നതായി റഷ്യ അവകാശപ്പെട്ടു. റഷ്യൻ ടാങ്കുകൾ ഏതാനും കെട്ടിട സമുച്ചയങ്ങൾ തകർത്തു മുന്നേറുന്ന വിഡിയോ പുറത്തുവന്നു.
‘‘നാം ഒരു കുടുംബമാണ്. എല്ലാ ഭീഷണികളെയും നാം കൂട്ടായി നേരിടും. പരാജയപ്പെടാൻ നാം അനുവദിക്കില്ല. ഈ വർഷം തന്നെ വിജയം വരിക്കാൻ സാധ്യമായതെല്ലാം ചെയ്യും’’–യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യുദ്ധ വാർഷികത്തിൽ നൽകിയ ടിവി സന്ദേശത്തിൽ പറഞ്ഞു. കീവിലെ സെന്റ് സോഫിയ ചത്വരത്തിൽ അദ്ദേഹം സൈനികരെ അഭിസംബോധന ചെയ്യുകയും വീരചരമം വരിച്ച സൈനികരുടെ ബന്ധുക്കൾക്ക് മെഡലുകൾ നൽകുകയും ചെയ്തു.
ഇതിനിടെ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും യുക്രെയ്ൻ പതാക ഉയർത്തി. പാരിസിൽ ഈഫൽ ടവറിൽ യുക്രെയ്ൻ പതാകയുടെ നിറങ്ങൾ തെളിഞ്ഞു. ലണ്ടനിൽ റഷ്യൻ എംബസിയുടെ മുൻവശത്തെ നിരത്തിൽ നീലയും മഞ്ഞയും നിറഞ്ഞു.ഇതേസമയം, റഷ്യയിൽ പറയത്തക്ക ആഘോഷങ്ങളുണ്ടായില്ല.
യുഎന്നിൽ റഷ്യൻ വിരുദ്ധ പ്രമേയം; ഇന്ത്യ വിട്ടുനിന്നു
യുക്രെയ്നിൽ നിന്നു റഷ്യ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎൻ പൊതുസഭ അംഗീകരിച്ചു. 141 വോട്ടുകൾ പ്രമേയത്തിന് അനുകൂലമായി ലഭിച്ചപ്പോൾ ഇന്ത്യയും ചൈനയും ഉൾപ്പെടെ 32 രാജ്യങ്ങൾ വിട്ടുനിന്നു. ബെലാറൂസ്, ഉത്തരകൊറിയ, എറിട്രിയ, സിറിയ, നിക്കരാഗ്വ, മാലി എന്നീ രാജ്യങ്ങൾ റഷ്യയ്ക്കുവേണ്ടി നിലകൊണ്ടു.
യുക്രെയ്നിൽ വെടിനിർത്തൽ വേണമെന്നും സമാധാന ചർച്ചകൾ ആരംഭിക്കണമെന്നുമുള്ള നിർദേശങ്ങൾ ചൈന മുന്നോട്ടുവച്ചു. റഷ്യയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ യുഎസ് കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും യുക്രെയ്നിന് കൂടുതൽ സാമ്പത്തികസഹായം പ്രഖ്യാപിക്കുകയും ചെയ്തു.സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ ഇന്ത്യ, ചൈന, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അഭ്യർഥിച്ചു.
ബെംഗളൂരുവിലും യുക്രെയ്ൻ ചർച്ച
ബെംഗളൂരു ∙ ജി20 രാജ്യങ്ങളിലെ ധന മന്ത്രിമാരുടെ സമ്മേളനത്തിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ചൂടുപിടിച്ച ചർച്ചകൾക്കു വഴിയൊരുക്കി. സമ്മേളനത്തിൽ പങ്കെടുത്ത യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെലൻ റഷ്യയെ നിശിതമായി വിമർശിച്ചു. റഷ്യയെ ശക്തമായി അപലപിച്ചില്ലെങ്കിൽ സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കില്ലെന്നു ഫ്രാൻസ് നിലപാടെടുത്തു. ബാലിയിലെ സമ്മേളത്തിൽ സ്വീകരിച്ച നിലപാടിൽ നിന്നു പിന്നാക്കം പോകാൻ അനുവദിക്കില്ലെന്നു ഫ്രാൻസ് ധനമന്ത്രി ബ്രൂണോ ലേ മാരി പറഞ്ഞു.
ജി 20 അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ ഉറച്ച നിലപാടെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇന്നലെ, ഉദ്ഘാടനപ്രസംഗത്തിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെപ്പറ്റി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘യുദ്ധം’ എന്ന വാക്ക് ഒഴിവാക്കിയതും ശ്രദ്ധിക്കപ്പെട്ടു.