30 വർഷത്തിലേറെയായി കൈവശമുള്ള ‘അൺ ഒക്യുപൈഡ്’ വിഭാഗത്തിൽപ്പെട്ട ഭൂമി, പട്ടയത്തിന് അർഹതയുള്ള ‘ഒക്യുപൈഡ് വിഭാഗ’ത്തിലേക്കു മാറ്റാൻ നിയമഭേദഗതി

0

തിരുവനന്തപുരം ∙ 30 വർഷത്തിലേറെയായി കൈവശമുള്ള ‘അൺ ഒക്യുപൈഡ്’ വിഭാഗത്തിൽപ്പെട്ട ഭൂമി, പട്ടയത്തിന് അർഹതയുള്ള ‘ഒക്യുപൈഡ് വിഭാഗ’ത്തിലേക്കു മാറ്റാനാണു സർക്കാർ ആഗ്രഹിക്കുന്നതെന്നും ഇതിനുള്ള വഴി ഭൂപതിവ് നിയമ ഭേദഗതിയിലുണ്ടാകുമെന്നും മന്ത്രി കെ.രാജൻ. നിയമഭേദഗതി ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

നിലവിലെ ഭൂപതിവ് നിയമത്തിന്റെ ചട്ടമനുസരിച്ച്, 1971 ഓഗസ്റ്റ് ഒന്നിനു മുൻപേ ഭൂമി കൈവശമുള്ളവരാണ് ഒക്യുപൈഡ് വിഭാഗത്തിലുള്ളത്. ഇവർക്കു ചട്ടപ്രകാരം പട്ടയം കൊടുക്കണം. ഇതിനുശേഷം കൈവശത്തിൽ ലഭിച്ച ഭൂമിയെല്ലാം അൺ ഒക്യുപൈഡ് വിഭാഗത്തിലാണ്. വരുമാന പരിധി ഉൾപ്പെടെയുള്ളവ മുൻഗണനാക്രമത്തിൽ പരിഗണിച്ചാണ് ഇവയെ നിലവിൽ അൺ ഒക്യുപൈഡ് വിഭാഗത്തിലേക്കു മാറ്റുന്നത്. എന്നാൽ 30 വർഷത്തിലധികമായി കൈവശമുള്ള, ഇപ്പോൾ അൺ ഒക്യുപൈഡ് വിഭാഗത്തിലുള്ള ഭൂമിക്കെല്ലാം പട്ടയം നൽകണമെന്നാണു സർക്കാരിന്റെ ആഗ്രഹമെന്നു മന്ത്രി പറഞ്ഞു. ഡോ. എൻ.ജയരാജിന്റെ ചോദ്യത്തിനായിരുന്നു മറുപടി.

ഭൂപതിവു നിയമം വന്നശേഷം കൊടുത്ത ഭൂമി, പതിച്ചുകൊടുത്ത ആവശ്യത്തിനല്ലാതെ വിനിയോഗിക്കപ്പെട്ടിട്ടുണ്ട്. ചട്ടലംഘനത്തിന്റെ പേരിൽ ഇത്തരം പട്ടയം റദ്ദാക്കുന്നതു സാമൂഹിക പ്രശ്നങ്ങളുണ്ടാക്കും. ഇതിനും ഭേദഗതിയിലൂടെ പരിഹാരമുണ്ടാക്കും. കൃഷി ലാഭകരമല്ലാതായതോടെ, അതിനായി കൊടുത്ത ഭൂമി വീടുവയ്ക്കാനും മറ്റു ജീവനോപാധികൾക്കായും ഉപയോഗിച്ചിട്ടുണ്ട്. ചട്ടലംഘനം എന്നു തോന്നാമെങ്കിലും സാമൂഹിക മാറ്റത്തിന്റെ ഫലമായി ഉണ്ടായതാണു പലതും. കൃഷിക്കും പരിസ്ഥിതിക്കും വിനയാകാതെ ന്യായമായ ആവശ്യത്തിനു കൂടി ഭൂമി ഉപയോഗിക്കാമെന്ന മാറ്റം ഭേദഗതിയിലുണ്ടാകും. ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് ഏക്കർ കണക്കിനു ഭൂമി കൈവശം വച്ചിട്ടുള്ളവരുടെ ഭൂമി തിരിച്ചുപിടിക്കുമെന്നു മന്ത്രി പറഞ്ഞു.

1980ലെ കേന്ദ്ര വന നിയമത്തിൽ വനഭൂമി വനേതര ആവശ്യത്തിനു പതിച്ചുകൊടുക്കരുതെന്നു പറഞ്ഞിട്ടുണ്ട്. 1977 നു മുൻപു വനാതിർത്തിയിൽ കുടിയേറിയവർക്കു മാത്രമേ പട്ടയം നൽകാൻ പാടുള്ളൂ. അങ്ങനെ കുടിയേറിയവരിൽ പട്ടയം കിട്ടാത്തവരുണ്ടെങ്കിൽ അവർക്ക് അപേക്ഷിക്കാൻ അവസരം നൽകും. ഈ അപേക്ഷകൾ പട്ടയം ഡാഷ് ബോർഡിൽ ഉൾപ്പെടുത്തി വനംവകുപ്പുമായി ചേർന്നു സംയുക്ത സർവേ നടത്തും. കേന്ദ്രാനുമതി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിച്ചു പട്ടയം അനുവദിക്കും.

Leave a Reply