രാജ്യത്ത് അനധികൃതമായി കുടിയേറി താമസിച്ചിരുന്ന നാല് കൂട്ടികളടക്കം 32 ബംഗ്ലാദേശികൾ ആഗ്ര പൊലീസിന്റെ പിടിയിൽ

0

രാജ്യത്ത് അനധികൃതമായി കുടിയേറി താമസിച്ചിരുന്ന നാല് കൂട്ടികളടക്കം 32 ബംഗ്ലാദേശികൾ ആഗ്ര പൊലീസിന്റെ പിടിയിൽ. നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്ന 32 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. നാല് കുട്ടികളും, 13 സ്ത്രീകളും 15 പുരുഷന്മാരുമാണ് പിടിയിലായത്.

ഫെബ്രുവരി 10-ന് ജി20 യോഗത്തിന് എത്തുന്ന അംഗങ്ങളെ സ്വീകരിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും പൊലീസും നടത്തിയ രഹസ്യാന്വേഷണത്തിനിടെയാണ് അനധികൃത കുടിയേറ്റ താമസക്കാരായ 32 ബംഗ്ലാദേശികളെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത മുതിർന്നവരെ ജില്ലാജയിലിലേക്കും കുട്ടികളെ ജുവനൈൽ ഹോമിലുമാണ് തത്ക്കാലം പാർപ്പിച്ചിരിക്കുന്നത്. ഇവർ ആഗ്രയിലെ ആവാസ് വികാസ് കോളനിയിലെ സെക്ടർ 4-ൽ കുടിലുകളുണ്ടാക്കി താമസിക്കുകയായിരുന്നു. ഇവരിൽ നിന്ന് 35 വ്യജ ആധാർ കാർഡുകളും ഒരു പാൻ കാർഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജ രേഖകൾ കൈവശം വച്ചതിന് ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ ഒരു ഏജന്റ് വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും നിരവധി ബംഗ്ലാദേശികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയാണെന്നും അറസ്റ്റിലായ ഒരു യുവാവ് പറഞ്ഞു. ബ്രോക്കർമാർ മുഖേനയാണ് തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ചതെന്നും അയാൾ പൊലീസിന് മൊഴി നൽകി. ആധാർ കാർഡ്, പാൻകാർഡ് മറ്റ് വ്യാജ രേഖകൾ എന്നിവ തയ്യാറാക്കുന്നതിന് ഒരാൾക്ക് 1000 രൂപ ചെലവാകുമെന്ന് ഹലീം എന്ന ബംഗ്ലാദേശ് പൗരൻ പൊലീസിന് മൊഴി നൽകി.

അനധികൃത കുടിയേറ്റക്കാരിൽ നിന്നും പൊലീസ് കണ്ടെടുത്ത രേഖകൾ പരിശോധിച്ച് വരികയാണെന്ന് ഡിസിപി വികാസ് കുമാർ അറിയിച്ചു. വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്നും 200ലധികം ബംഗ്ലാദേശികൾ ആഗ്രയിലുള്ളതായി ഇന്റലിജൻസ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here