പ്രായം 102, ആദ്യമായും അവസാനമായും ആശുപത്രിയിൽ പോയത് 68 വർഷം മുൻപ്; പൂക്കച്ചവടവുമായി മുഹമ്മദ്

0

മുല്ലപ്പൂ മണമുള്ള പകലുകളാണ് യു.മുഹമ്മദിനെന്നും. പ്രായം 102 ആയി. ഇപ്പോഴും തൊണ്ടികുളം ഗ്രാമത്തിലേക്കുള്ള റോഡരികിലെ പലകത്തട്ടികൾ കൊണ്ടുള്ള വാതിലുള്ള കട തുറക്കാൻ രാവിലെ ആറിനു തന്നെ എത്തും. മുല്ലമൊട്ടുകൾ കൊരുത്തും ജമന്തി മാലകൾ കെട്ടിയും തഴക്കമുള്ള വിരൽവേഗത്തിന് ഇപ്പോഴും ഒരു കുറവുമില്ല. പൂമാലകൾ വാങ്ങിക്കാൻ പതിവുകാരുണ്ട്. ബസുകാരും ഓട്ടോറിക്ഷക്കാരുമൊക്കെ. വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി വേറെയും ചിലരെത്തും. പുതുപ്പള്ളിത്തെരുവ് സ്വദേശി മുഹമ്മദിനെ സംബന്ധിച്ച് തലമുറകളുടെ ജീവിതത്തിന് നിറവും സുഗന്ധവും നൽകിയത് പൂക്കച്ചവടമാണ്. തലമുറകളായി പൂക്കച്ചവടം നടത്തുന്ന ഇവരുടെ വീടിന് ‘ഫ്ലവർ ഹൗസ്’ എന്നല്ലാതെ മറ്റെന്തു പേരു നൽകും.

നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച മുഹമ്മദ് പിതാവ് ഉമ്മർ സാഹിബിന്റെ കൂടെ പൂക്കച്ചവടത്തിൽ സഹായിയായി. ഉമ്മർ സാഹിബിന്റെ പിതാവിനും അദ്ദേഹത്തിന്റെ പിതാവിനും പൂക്കച്ചവടമായിരുന്നു. മുഹമ്മദിന്റെ അഞ്ചു മക്കളും ജീവിതമാർഗമായി പൂക്കച്ചവടം തന്നെ തിരഞ്ഞെടുത്തു. മക്കളായ ഐശാബി, ഇബ്രാഹിം, നൂർജഹാൻ, മെഹറുനീസ, അഷറഫ് എന്നിവർക്ക് വളാഞ്ചേരി, കൊപ്പം, മേട്ടുപ്പാളയം സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പൂക്കച്ചവടമാണ്.

മുഹമ്മദിന്റെ 13 ചെറുമക്കളിൽ 5 പേർക്കും പൂക്കച്ചവടം തന്നെ. ചെറുമക്കളുടെ 26 കുഞ്ഞുങ്ങളെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും മുഹമ്മദിനുണ്ട്. കേൾവി അൽപം കുറവുണ്ടെന്നത് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കണ്ണട ഉപയോഗിക്കേണ്ട ആവശ്യമില്ല. ഉച്ചയ്ക്കു മാത്രം ചോറു കഴിക്കും. 102 വയസ്സിനിടയിൽ ആദ്യമായും അവസാനമായും ആശുപത്രിയിൽ പോയത് 68 വർഷം മുൻപ് ടൈഫോയ്ഡ് വന്നപ്പോൾ മാത്രവും.

LEAVE A REPLY

Please enter your comment!
Please enter your name here