കൂലികൂട്ടി ചോദിച്ച ആദിവാസിക്ക് ക്രൂരമർദ്ദനം

0

കൂലികൂട്ടി ചോദിച്ച ആദിവാസിക്ക് ക്രൂരമർദ്ദനം. കുരുമുളക് പറിക്കാൻ കൂലിയായി 100 രൂപ കൂടുതൽ ചോദിച്ച 58കാരനാണ് ക്രൂരമർദനത്തിന് ഇരയായത്. അമ്പലവയൽ നീർച്ചാൽ ആദിവാസി കോളനിയിലെ ബാബുവാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ബാബുവിനെ മുഖത്തെ എല്ലു പൊട്ടിയ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണു ബാബു സ്ഥിരമായി കൂലിപ്പണിക്കു പോകുന്ന വീട്ടിൽ വെച്ച് മർദനത്തിനിരയായത്. 100 രൂപ കൂട്ടി 700 രൂപ കൂലി ചോദിച്ചപ്പോൾ ഉടമയുടെ മകൻ മർദ്ദിച്ചു. മുഖത്തു ചവിട്ടിയെന്നാണു പരാതി. തലയോട്ടിയും താടിയെല്ലും ചേരുന്ന ഭാഗത്തു പൊട്ടലുണ്ടായി. മുഖം നീരുവന്നു തടിച്ച നിലയിലാണ്. ഒറ്റയ്ക്കു താമസിക്കുന്ന ബാബു വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല.

തിങ്കളാഴ്ച സമീപത്തെ കടയിലെത്തിയ ബാബുവിന്റെ വീർത്ത മുഖവും പരുക്കേറ്റ പാടുകളും കണ്ട കടയുടമയാണ് എസ്ടി പ്രമോട്ടറായ പി.സിനിയെ വിവരമറിയിച്ചത്. ബാബുവിന്റെ വീട്ടിലെത്തിയ പ്രമോട്ടർ അമ്പലവയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും കൊണ്ടുപോയി. മുഖത്തെ പരുക്ക് സാരമായതിനാൽ ബത്തേരി ആശുപത്രിയിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

എസ്ടി പ്രമോട്ടർമാർ ബാബുവിന്റെ ബന്ധുക്കളെ അന്വേഷിച്ചു കണ്ടെത്തുകയും ആശുപത്രിയിൽ സഹായത്തിനായി അവരെ എത്തിക്കാൻ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാൻ നടപടി സ്വീകരിച്ചതായും അമ്പലവയൽ പൊലീസ് അറിയിച്ചു.

Leave a Reply