കുട്ടികൾ നോക്കിനിൽക്കേ അദ്ധ്യാപിക ആയയെ മർദിച്ച സംഭവത്തിൽ ഇരുവർക്കുമെതിരെ നടപടി വരും

0

കുട്ടികൾ നോക്കിനിൽക്കേ അദ്ധ്യാപിക ആയയെ മർദിച്ച സംഭവത്തിൽ ഇരുവർക്കുമെതിരെ നടപടി വരും. സംഭവത്തിൽ ശാന്തമ്മയ്ക്കും ബിജിക്കും എതിരേ സ്‌കൂൾ പി.ടി.എ. നടപടി എടുക്കാനുള്ള സാധ്യതയുണ്ട്. പി.ടി.എ. വഴിയാണ് ഇരുവരേയും നിയമിച്ചിരിക്കുന്നത് എന്നതിനാൽ വിദ്യാഭ്യാസവകുപ്പ് നേരിട്ട് നടപടി എടുത്തിട്ടില്ല.

അതേസമയം ആയയെ മർദ്ദിച്ച അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. ഇരുവെള്ളിപ്പറ ഗവ. എൽ.പി. സ്‌കൂളിലെ പ്രീ-പ്രൈമറി അദ്ധ്യാപിക ശാന്തമ്മ സണ്ണിയെയാണ് അറസ്റ്റുചെയ്തത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ സ്‌കൂളിലെ ആയയായ ബിജു മാത്യു(ബിജി)വിനെ അടിച്ചതായാണ് കേസ്. ശാന്തമ്മയ്ക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു.

മാസങ്ങളായി ഇരുവരും തമ്മിൽ സ്‌കൂളിൽവെച്ച് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പരാതികൾ നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി ചർച്ചചെയ്യുകയും ഇരുവർക്കും താക്കീത് നൽകുകയുംചെയ്തിരുന്നു. വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പുറത്താക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇരുവർക്കുമെതിരേ സ്വീകരിക്കാൻ സ്‌കൂൾ പി.ടി.എയേയും എൽ.പി. സ്‌കൂൾ പ്രഥമാധ്യാപികയേയും ചുമതലപ്പെടുത്തുകയുംചെയ്തു. ഇതിന് ശേഷമാണ് രണ്ടാഴ്ച മുമ്പ് സ്‌കൂളിൽ ക്യാമറ സ്ഥാപിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കർട്ടൻ താഴ്‌ത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ശാന്തമ്മ, ബിജിയുടെ കരണത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്തത് ക്യാമറയിൽ പതിഞ്ഞു. ഉച്ചസമയത്ത് ക്ലാസ് മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുന്നിലാണ് സംഭവം അരങ്ങേറിയത്.

Leave a Reply