തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ യുവതി കുടുങ്ങിക്കിടന്നത് 104 മണിക്കൂർ

0

തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ യുവതി കുടുങ്ങിക്കിടന്നത് 104 മണിക്കൂർ. ഇത്രയധികം മണിക്കൂറുകൾക്ക് ശേഷം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവതി ഒരു ദിവസത്തിന് ശേഷം ആശുപത്രിയിൽ മരിച്ചു. ഭൂകമ്പം ആഞ്ഞടിച്ച തെക്കൻ തുർക്കിയിലെ കിരിഖാൻ പട്ടണത്തിൽ നിന്നുമാണ് യുവതി അത്ഭുത രക്ഷപ്പെടൽ നടത്തിയത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് വെള്ളിയാഴ്ചയാണ് സെയ്‌നാപ് കഹ്‌റാമൻ എന്ന നാൽപതുകാരിയെ ദൗത്യസംഘം പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ അവർ അവിടെ കുടുങ്ങിയിട്ട് 104 മണിക്കൂർ പിന്നിട്ടിരുന്നു. ജീവനുണ്ടെന്ന് മനസ്സിലാക്കിയ ഉടൻ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് മരണം സംഭവിച്ചത്.

സെയ്‌നാപ്പിന്റെ അതിജീവനത്തെ മഹാദ്ഭുതമെന്നാണ് അവരെ രക്ഷപ്പെടുത്തിയ ജർമൻ സംഘം വിശേഷിപ്പിച്ചത്. എന്നാൽ നൂറിലധികം മണിക്കൂർ കുടുങ്ങിക്കിടന്ന ഒരാളെ രക്ഷപ്പെടുത്തുക എന്നത് ദുർഘടമാണെന്നും അവരുടെ ചികിത്സയുടെ ആദ്യ 48 മണിക്കൂർ നിർണായകമായിരുന്നെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. സെയ്‌നാപ്പിന്റെ മരണം ദൗത്യസംഘത്തെ കണ്ണീരിലാഴ്‌ത്തി.

ഭൂകമ്പം തകർത്ത തുർക്കിയിലും സിറിയിയിൽനിന്നും അതിജീവനത്തിന്റെ നിരവധി കഥകൾ പുറത്തുവരുമ്പോഴും മരണസംഖ്യയും ഉയരുകയാണ്. ഭൂകമ്പം നടന്ന് ആറാം ദിവസമാകുമ്പോൾ മരണം 25,000 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിശൈത്യത്തെയും മോശം കാലാവസ്ഥയേയും അതിജീവിച്ച് പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പുകൾ തേടുന്നത്.

കോൺക്രീറ്റ് പാളികൾക്കിടയിൽ 100 മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹതായിൽ 123 മണിക്കൂർ കുടുങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply