ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ സുഹൃത്തായ യുവാവ് അറസ്റ്റിൽ

0
ആൽബിൻ ജെറാൾഡ്

ടിടിസി വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ സുഹൃത്തായ യുവാവ് അറസ്റ്റിൽ. പാലക്കാട് വടകരപതി പരിശക്കല്ല് സ്വദേശി ശർക്കരയിൽ എ.ആൽബിൻ ജെറാൾഡ് (23) ആണ് അറസ്റ്റിലായത്. ചൊവ്വ വൈകിട്ടാണ് ഇയാൾ പഴയ മൂന്നാർ ഗവ. ടിടിഐയിലെ ഒന്നാം വർഷ ടിടിസി വിദ്യാർഥിനിയായ പാലക്കാട് കോഴിപ്പാറ ഇട്ടിയപുറത്താർ എ.പ്രിൻസിയെ (21) നല്ലതണ്ണി റോഡിൽ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. പ്രണയപ്പകയാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. സംഭവശേഷം കയ്യിലെ ഞരമ്പ് മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.

ആക്രമണത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ ആൽബിൻ സമീപത്തെ കാട്ടിൽ ഒളിച്ചിരുന്നു. രാത്രിയായതോടെ നടന്ന് പഴയ മൂന്നാറിലെ കാട്ടിൽ ഒളിച്ചിരുന്നു. ഇവിടെവച്ച് ഇയാൾ കൈഞരമ്പ് മുറിച്ചെന്നു പൊലീസ് പറഞ്ഞു. പുലർച്ചെ മൂന്നോടെ അതിശക്തമായ തണുപ്പ് സഹിക്കാനാകാതെ കാട്ടിൽനിന്നു പുറത്തിറങ്ങിയതു കണ്ട ടൂറിസ്റ്റ് ഗൈഡുമാരാണു പൊലീസിനെ വിവരമറിയിച്ചത്. പ്രിൻസിപ്പൽ എസ്ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പൊലീസെത്തി ആശുപത്രിയിലാക്കി. ഇന്നലെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചെവിയിലും കവിളിലും വെട്ടേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. നേരത്തേ സുഹൃത്തായിരുന്ന ആൽബിനെ, സ്വഭാവദൂഷ്യത്തെ തുടർന്ന് അകറ്റിനിർത്തിയിരുന്നതായി പെൺകുട്ടി പൊലീസിനു മൊഴി നൽകി. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ അതിക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

Leave a Reply