മൺതിട്ട നിരത്താനുള്ള അനുമതിക്കായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് മഞ്ചേരി കാവനൂർ വട്ടപ്പറമ്പ് നരിക്കോടൻകുന്നത്ത് ചന്ദ്രനെ(49)യാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്‌പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വില്ലേജ് ഓഫീസ് കെട്ടിടത്തിലെ കോണിപ്പടിയിൽവെച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് ചന്ദ്രൻ പിടിയിലായത്.മാറാക്കര കീഴ്മുറി പൊട്ടേങ്ങൽ മുഹമ്മദ് മുസ്തഫയാണ് ചന്ദ്രനെതിരേ വിജിലൻസിൽ പരാതിപ്പെട്ടത്. സ്വാഗതമാടുള്ള ഒരു വീടിനു മുൻവശത്തെ ഉയർന്നുനിൽക്കുന്ന മൺതിട്ട നിരപ്പാക്കിക്കൊടുക്കുന്ന ജോലി മുസ്തഫ കരാറെടുത്തിരുന്നു. ഇക്കഴിഞ്ഞ 21-ന് ഇത് നിരത്തുന്നതിനിടെ സ്ഥലത്തെത്തിയ ചന്ദ്രൻ പണി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടു.
25,000 രൂപ തന്നാലേ പണി തുടരാനാകൂ എന്നും പറഞ്ഞു. സംഖ്യ കുറയ്ക്കാൻ പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. സ്ഥലത്തെത്തിയും പിന്നീട് ഫോണിൽവിളിച്ചും 22-ാം തീയതിയും പണം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. തുടർന്നാണ് മുഹമ്മദ് മുസ്തഫ വിജിലൻസിനെ സമീപിച്ചതും അവരുടെ നിർദേശമനുസരിച്ച് പണവുമായി എത്തി ചന്ദ്രനെ കുടുക്കുന്നതും. ഇയാളെ ഞായറാഴ്ച മലപ്പുറം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഇൻസ്പെക്ടർമാരായ പി. ജ്യോതീന്ദ്രകുമാർ, ഗിരീഷ്‌കുമാർ, എസ്‌ഐ.മാരായ പി.എൻ. മോഹനകൃഷ്ണൻ, എം.ആർ. സജി, പി.പി. ശ്രീനിവാസൻ, എഎസ്ഐ.മാരായ ടി.ടി. ഹനീഫ്, മധുസൂദനൻ, ഷിഹാബ്, സീനിയർ സി.പി.ഒ.മാരായ പ്രശോഭ്, ധനേഷ്, സുനിൽ, സി.പി.ഒ.മാരായ ശ്യാമ, സന്തോഷ് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.