ഇരണിയലില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു

0

ഇരണിയലില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുരുന്തകോട് സ്വദേശിനി മേനകയെ (39) കൊലപ്പെടുത്തിയ സംഭാവത്തിലാണ് രണ്ടാം ഭര്‍ത്താവും തിക്കനക്കോട് സ്വദേശിയുമായ ജയപാലിനെ (45) പൊലീസ് അറസ്റ്റ് ചെയ്യ്തത്. ആക്രമണത്തിനിടെ പരിക്കേറ്റ മേനകയുടെ മകള്‍ സഞ്ജന (12) ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മേനക 12 വര്‍ഷത്തിന് മുന്‍പ് കുരുന്തകോട് സ്വദേശി ജോസ്വിന്‍ ബാബു എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുണ്ടായ കുട്ടിയാണ് സഞ്ജന. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ ജോസ്വിന് ബാബു മരണപ്പെട്ടു. അതിന് ശേഷമാണ് എട്ട് വര്‍ഷത്തിന് മുന്‍പ് ജയപാലിനെ മേനക വിവാഹം കഴിച്ചത്. അതില്‍ ഇരുവര്‍ക്കും ഹെമില്‍ടണ്‍ (7) എന്ന മകനുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ജയപാലുമായി അകന്ന മേനക രണ്ട് മക്കളുമായി കുരുന്തകോടിലുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ഇക്കഴിഞ്ഞ 19 ന് രാവിലെ പള്ളിയില്‍ പോയി ഉച്ചക്ക് തിരികെ വീട്ടിലെത്തിയപ്പോള്‍ മദ്യലഹരിയില്‍ വന്ന ജയപാലിനെയാണ് മേനക കണ്ടത്. തുടര്‍ന്ന് മകന്‍ ഹെമില്‍ടണെ തന്റെ ഒപ്പം വിട്ടയക്കണമെന്ന് ജയപാല്‍ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അതിനിടെ കൈയില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ച് ജയപാല്‍ മേനകയെയും മകള്‍ സഞ്ജനയെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവശേഷം അവിടെ നിന്ന് ഇയാള്‍ കടന്നുകളയുകയും ചെയ്തു. മേനകയുടെയും മകളുടെയും നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ രണ്ട് പേരയും നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ ചികിത്സയിലിരിക്കെ മേനക കഴിഞ്ഞ ദിവസം മരണപ്പെട്ടു.

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ ജോണ്‍ ബോസ്‌കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരണിയല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Leave a Reply