ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനി ട്രാക്ക് മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മരിച്ചു

0

ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനി ട്രാക്ക് മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനിയും താംബരം എംസിസി കോളജ് വിദ്യാർത്ഥിനിയുമായ നിഖിത കെ.സിബി ആണു മരിച്ചത്. 19 വയസായിരുന്നു. ഒന്നാം വർഷ ബിഎസ്സി സൈക്കോളജി വിദ്യാർത്ഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു താമസം.

ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചെന്നൈ ഗുരുവായൂർ എക്സ്‌പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്തു തന്നെ മരിച്ചു.

ഇരുമ്പുലിയൂരിലെ ഹോസ്റ്റലിന് അടുത്തായി ഒരു സ്വകാര്യ നഴ്സറി സ്‌കൂളിൽ പാർട്ട് ടൈം ടീച്ചറായി നിഖിതയ്ക്ക് ജോലി ലഭിച്ചിരുന്നു. ജോലിക്ക് പോകാനായി ഇറങ്ങിയ നിഖിത ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. നിഖിത ഉപയോഗിച്ചിരുന്ന ഫോണും ഹെഡ്ഫോണും അപകടസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് നിഖിത ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ടാകും ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചതെന്ന വിലയിരുത്തലുകൾക്ക് കാരണം.

കഴിഞ്ഞ മാസവും ചെന്നൈയിൽ സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു. പാളത്തിലൂടെ ഫോണിൽ സംസാരിച്ച് നടന്ന യുവതി ട്രെയിൻ ഇടിച്ച് മരിച്ചിരുന്നു. എർണാവൂർ കാമരാജനഗർ സ്വദേശിയായ ശാലിനിയാണ്(27) മരണമടഞ്ഞത്. ആവഡിക്ക് സമീപമുള്ള ബ്യൂട്ട് പാർലറിൽ ജോലി ചെയ്തിരുന്ന യുവതി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഏറെ നേരം കഴിഞ്ഞിട്ടും യുവതി വീട്ടിലെത്താതിരുന്നതിനെ തുടർന്നു വീട്ടുകാർ വിംകോ റെയിൽവേ സ്റ്റേഷനു സമീപം നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here