ഉദ്ധവിനു കനത്ത തിരിച്ചടി , ശിവസേനയെന്ന പേരും ചിഹ്നവും ഷിന്‍ഡേയ്‌ക്ക്

0


മുംബൈ: യഥാര്‍ഥ ശിവസേന ഏതാണെന്ന തര്‍ക്കത്തില്‍ ഉദ്ധവ്‌ താക്കറെ പക്ഷത്തിന്‌ കനത്ത തിരിച്ചടി. മഹാരാഷ്ര്‌ട മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അംഗീകരിച്ചു. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്‌നവും ഷിന്‍ഡേ വിഭാഗത്തിന്‌ സ്വന്തം.
ശിവസേനയുടെ നിലവിലെ ഭരണഘടനയ്‌ക്കു സാധ്യതയില്ലെന്നു വിലയിരുത്തിയാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍, പാര്‍ട്ടിയുടെ ഔദ്യോഗിക പേരും ചിഹ്‌നവും ഷിന്‍ഡേ പക്ഷത്തിന്‌ അനുവദിച്ചത്‌. ഉദ്ധവ്‌ താക്കറെയുടെ പിതാവ്‌ ബാല്‍ താക്കറെയാണ്‌ ശിവസേനയുടെ സ്‌ഥാപകന്‍.
ബി.ജെ.പിയുടെ സഹായത്തോടെയാണ്‌ പാര്‍ട്ടിയിലെ ഭൂരിഭാഗം നിയമസഭാംഗങ്ങളെയും എം.പിമാരെയും ഒപ്പം ചേര്‍ത്ത്‌ ഏക്‌നാഥ്‌ ഷിന്‍ഡേ ശിവസേന പിടിച്ചെടുത്തത്‌.
2022 ജൂണ്‍ 20-ന്‌ ഏക്‌നാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ശിവസേനാ എം.എല്‍.എമാരെ കാണാതായതോടെയാണ്‌ രാഷ്‌ട്രീയ നാടകങ്ങള്‍ക്കു തുടക്കം. ഒടുവില്‍ ജൂണ്‍ 29-ന്‌ ഉദ്ധവ്‌ മുഖ്യമന്ത്രിപദം രാജിവച്ചു. തൊട്ടടുത്ത ദിവസം ബി.ജെ.പി. പിന്തുണയോടെ ഏക്‌നാഥ്‌ ഷിന്‍ഡേ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. തുടര്‍ന്ന്‌ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ഇരുപക്ഷവും പോരാട്ടത്തിലായിരുന്നു.

Leave a Reply