നാലാമത്തെ ‘ബലൂണും’ വെടിവച്ചിട്ടു , ചൈനീസോ അന്യഗ്രഹവസ്‌തുവോ? ഒന്നും പറയാറായില്ലെന്നു യു.എസ്‌.

0



ന്യൂയോര്‍ക്ക്‌: ചൈനീസ്‌ ചാരബലൂണുകള്‍ എന്നാരോപിച്ച്‌ അമേരിക്ക വെടിവച്ചിട്ട പറക്കുംവസ്‌തുക്കളെ സംബന്ധിച്ച്‌ ദുരൂഹതയേറുന്നു. കാനഡ അതിര്‍ത്തിക്കു സമീപം, മിഷിഗണിലെ ഹുറോണ്‍ തടാകത്തിനു മീതേ കാണപ്പെട്ട, ബലൂണ്‍ സമാനമായ ഒരു വസ്‌തുകൂടി കഴിഞ്ഞ ഞായറാഴ്‌ച പ്രസിഡന്റ്‌ ജോ ബൈഡന്റെ ഉത്തരവുപ്രകാരം വെടിവച്ചിട്ടു. ഇതോടെ, ഈമാസം യു.എസ്‌. സൈന്യം വെടിവച്ചുവീഴ്‌ത്തിയ അജ്‌ഞാതവസ്‌തുക്കളുടെ എണ്ണം നാലായി.
വെടിവച്ചിട്ട പറക്കുംവസ്‌തുക്കളെ “ബലൂണുകള്‍” എന്നു വിശേഷിപ്പിക്കാന്‍ തങ്ങള്‍ തയാറല്ലെന്നും “അജ്‌ഞാതവസ്‌തുക്കള്‍” എന്നേ പറയാന്‍ പറ്റൂവെന്നും യു.എസ്‌. ഉത്തരമേഖലാ കമാന്‍ഡര്‍ ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്ക്‌ വിശദീകരിച്ചു. വാതകം നിറച്ചതോ പ്ര?പ്പല്ലര്‍ സംവിധാനമുള്ളതോ ആയ, ചെറിയ ഈ വസ്‌തുക്കള്‍ നേര്‍ത്ത റഡാര്‍ തരംഗങ്ങളേ പുറപ്പെടുവിക്കുന്നുള്ളൂ.
ഇവ അന്യഗ്രഹവസ്‌തുക്കളോ പറക്കുംതളികകളോ ആണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌, ഈ ഘട്ടത്തില്‍ ഒന്നും തള്ളിക്കളയാനാവില്ലെന്നായിരുന്നു ജനറല്‍ വാന്‍ഹെര്‍ക്കിന്റെ മറുപടി. അഷ്‌ടഭുജങ്ങളുള്ളതും വയാറുകള്‍ ഘടിപ്പിച്ചതുമായ നിര്‍മിതിയാണു മിഷിഗണിനുമേലേ കാണപ്പെട്ടത്‌. എഫ്‌-16 പോര്‍വിമാനത്തില്‍നിന്നു തൊടുത്ത മിസൈല്‍ ഉപയോഗിച്ചാണ്‌ ഇത്‌ തകര്‍ത്തത്‌.
മിഷിഗണില്‍ 20,000 അടി ഉയരത്തില്‍ കാണപ്പെട്ട പറക്കുംവസ്‌തു വ്യോമഗതാഗതത്തിനു തടസം സൃഷ്‌ടിക്കുമായിരുന്നെന്നു യു.എസ്‌. സൈനിക അധികൃതര്‍ വ്യക്‌തമാക്കി. കഴിഞ്ഞ വെള്ളിയാഴ്‌ച അലാസ്‌കയില്‍ 40,000 അടി ഉയരത്തില്‍ കാണപ്പെട്ട ബലൂണും വ്യോമഗതാഗതത്തിനു ഭീഷണി ഉയര്‍ത്തിയിരുന്നതായി വൈറ്റ്‌ ഹൗസ്‌ ചൂണ്ടിക്കാട്ടിയിരുന്നു. സൗത്ത്‌ കരോലിനാ തീരത്തെ ആകാശത്തു ദിവസങ്ങളോളം കാണപ്പെട്ട ബലൂണ്‍ കഴിഞ്ഞ നാലിനാണു വെടിവച്ചിട്ടത്‌.
ഇത്‌ ചൈനീസ്‌ ചാരബലൂണാണെന്നു യു.എസ്‌. ആരോപിച്ചപ്പോള്‍, കാലാവസ്‌ഥാ നിരീക്ഷണത്തിനുള്ളതെന്നായിരുന്നു ചൈനയുടെ വിശദീകരണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത്തരം മൂന്ന്‌ വസ്‌തുക്കള്‍ കൂടി യു.എസ്‌. തകര്‍ത്തു. വെടിവച്ചിട്ട വസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ യു.എസും കാനഡയും തുടരുകയാണ്‌.

ഇതുവരെ കണ്ടത്‌

ഫെബ്രുവരി 04: സൗത്ത്‌ കരോലിനയില്‍ നാലുദിവസമായി കാണപ്പെട്ട ബലൂണ്‍ യു.എസ്‌. സൈന്യം വെടിവച്ചിട്ടു. ചൈനീസ്‌ ചാരബലൂണെന്ന്‌ ആരോപണം.
ഫെബ്രുവരി 10: വടക്കന്‍ അലാസ്‌കയില്‍ വെടിവച്ചിട്ടത്‌. പ്ര?പ്പല്‍ഷന്‍ സംവിധാനമോ വിദൂരനിയന്ത്രണ സംവിധാനമോ ഇല്ലായിരുന്നെന്നു യു.എസ്‌. വിശദീകരണം.
ഫെബ്രുവരി 11: യു.എസ്‌. അതിര്‍ത്തിയില്‍നിന്നു 160 കി.മീ. അകലെ, കാനഡയിലെ യുകോണ്‍ പ്രവിശ്യയില്‍ കാണപ്പെട്ടത്‌. വെടിവച്ചിട്ടതു യു.എസ്‌. പോര്‍വിമാനം. ആദ്യം കണ്ടതിനേക്കാള്‍ ചെറുതും സിലിണ്ടര്‍ രൂപത്തിലുള്ളതുമെന്നു വിശദീകരണം.
ഫെബ്രുവരി 12: കാനഡ അതിര്‍ത്തിക്കു സമീപം, മിഷിഗണിലെ ഹുറോണ്‍ തടാകത്തിനു മീതേ. ഉയരം 20,000 അടി.

LEAVE A REPLY

Please enter your comment!
Please enter your name here