ഹൈദരാബാദില്‍ തെരുവ് നായക്കളുടെ ആക്രമണത്തില്‍ നാലുവയസ്സുകാരന്‍ മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടി തെരുവിലൂടെ നടന്നു നീങ്ങുമ്പോള്‍ മൂന്ന് നായ്ക്കള്‍ ഓടി വന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടി നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. വയറ്റില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും സമാനമായ സംഭവം നടന്നിരുന്നു. സഹാറന്‍പൂര്‍ ജില്ലയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ഏഴുവയസുകാരന്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നായ്ക്കളുടെ ആക്രമണ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഹൈദരാബാദിലെ കുട്ടിയുടെ മരണം.
ബിലാസ്പൂര്‍ ഗ്രാമത്തിലെ വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന കന്‍ഹ എന്ന കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് സൂരജ് റായ് പറഞ്ഞു. ഗ്രാമവാസികള്‍ രക്ഷപ്പെടുത്താന്‍ എത്തിയപ്പോഴേക്കും കുട്ടിക്ക് രക്തസ്രാവമുണ്ടായിരുന്നുവെന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നായ്ക്കളെ ഓടിച്ചശേഷം ഇവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ജനുവരിയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സ്വഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവിന് പരിക്കേറ്റിരുന്നു. 23 കാരനായ ഇയാള്‍ ബഞ്ചാര ഹില്‍സിലെ റോഡ് നമ്പര്‍ 6 ലെ ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി ഓര്‍ഡര്‍ നല്‍കാനായി വാതിലില്‍ മുട്ടിയപ്പോള്‍ ഉപഭോക്താവിന്റെ വളര്‍ത്തുനായ ഇയാളെ പിന്തുടരുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുളള ശ്രമത്തിലാണ് ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ ഏഴുമാസം പ്രായമുളള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി കൊന്നിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം.