അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായ സിഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

തൃശൂര്‍: അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായ സിഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സിഐ ലിപിയാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് സിഐ രക്ഷിച്ചത്. കസ്റ്റഡിയിലെടുത്ത സിഐയെ തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചു. 

പാലിയേക്കര ടോള്‍ പ്ലാസയിലാണ് സംഭവം. മുതിര്‍ന്ന പൗരനോട് അപമര്യാദയായി പെരുമാറി എന്ന ആക്ഷേപത്തില്‍ സിഐയെ ഇന്നലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ മുതല്‍ സഹപ്രവര്‍ത്തകരോട് ആത്മഹത്യ ചെയ്യുമെന്ന് സിഐ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ ഡിവൈഎസ്പി, സിഐ എവിടെയാണ് എന്ന് അന്വേഷിച്ചപ്പോള്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് അങ്കമാലി കറുകുറ്റി ഭാഗത്താണെന്ന് തിരിച്ചറിഞ്ഞു. തൃശൂര്‍ ഭാഗത്തേയ്ക്ക് കാറില്‍ വരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍, പുതുക്കാട് സിഐമാരോട് വാഹനം തടഞ്ഞുനിര്‍ത്താന്‍ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് ടോള്‍ പ്ലാസയ്ക്ക് സമീപം കാത്തുനില്‍ക്കുമ്പോഴാണ് സിഐ കാറില്‍ എത്തിയത്. ഉടന്‍ തന്നെ പൊലീസ് കാര്‍ തടഞ്ഞുനിര്‍ത്തി. ഈസമയത്ത് പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുമെന്ന്് ഭീഷണി മുഴക്കി. സംഭവം അറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തീകൊളുത്തുമെന്ന ഘട്ടം വന്നപ്പോള്‍ കാറിന്റെ ചില്ല് തകര്‍ത്ത് ഫയര്‍ഫോഴ്‌സ് കാറിന്റെ അകത്തേയ്ക്ക് വെള്ളം ചീറ്റി. തുടര്‍ന്ന് സിഐയെ കസ്റ്റഡിയിലെടുത്ത് തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here