സ്ലാബില്ലാത്ത ഓടയില്‍ വീണ്‌ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിക്ക്‌ ഗുരുതര പരുക്ക്‌

0


നെടുങ്കണ്ടം: കല്ലാര്‍ ജങ്‌ഷനില്‍ സ്ലാബില്ലാത്ത ഓടയില്‍ വീണ്‌ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിക്ക്‌ ഗുരുതര പരുക്ക്‌. കല്ലാര്‍ പുതുവാകുന്നേല്‍ സുനില്‍കുമാറിന്റെ മകന്‍ നെടുങ്കണ്ടം പഞ്ചായത്ത്‌ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ശ്രീജിത്തിനാണ്‌ പരുക്കേറ്റത്‌. ഇന്നലെ രാവിലെയായിരുന്നു അപകടം. ശ്രീജിത്തും സഹോദരന്‍ അജിത്തും രാവിലെ എട്ടരയോടെ സ്‌കൂളില്‍ പോകുന്നതിനായി ബസ്‌ കാത്ത്‌ കല്ലാറിലെ വെയിറ്റിങ്‌ ഷെഡില്‍ ഇരിക്കുകയായിരുന്നു. ബസ്‌ എത്തിയതോടെ ഇതില്‍ കയറാനായി പോകുന്നതിനിടെ വെയിറ്റിങ്‌ ഷെഡിന്‌ മുമ്പില്‍ മൂടിയില്ലാതെ കിടന്ന ഓടയിലേക്ക്‌ ശ്രീജിത്ത്‌ വീഴുകയായിരുന്നു. നെഞ്ചിടിച്ചുള്ള വീഴ്‌ചയെത്തുടര്‍ന്ന്‌ ശ്വാസം നിലച്ചുപോയ കുട്ടിയെ ബസ്‌ ജീവനക്കാരന്‍ എത്തിയാണ്‌ ഓടയില്‍ നിന്നും എടുത്തത്‌. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കൈക്ക്‌ പൊട്ടലും ശരീരത്തില്‍ ക്ഷതവും ഏറ്റതായി കണ്ടെത്തി. കൈയില്‍ പ്ലാസ്‌റ്റര്‍ ഇട്ടശേഷം ശ്രീജിത്തിനെ വീട്ടിലെത്തിച്ചു.
കുമളി – മൂന്നാര്‍ സംസ്‌ഥാന പാതയില്‍ കല്ലാറില്‍ പാലം പണിയോടനുബന്ധിച്ച്‌ റോഡിന്റെ ഒരു വശത്ത്‌ കോണ്‍ക്രീറ്റ്‌ ഓട നിര്‍മിച്ചിരുന്നു. ഈ ഓടയുടെ തുടക്കത്തിലെ ഏതാനും ഭാഗം കോണ്‍ക്രീറ്റ്‌ സ്ലാബിട്ട്‌ മൂടിയിട്ടില്ല. വെയിറ്റിങ്‌ ഷെഢിന്‌ തൊട്ടുമുന്‍വശത്തായുള്ള ഈ ഭാഗത്താണ്‌ കുട്ടി അപകടത്തില്‍ പെട്ടത്‌. ഓട നിര്‍മിച്ചപ്പോള്‍ മുതല്‍ ഈ ഭാഗം മൂടണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. വെയിറ്റിങ്‌ ഷെഢില്‍ നിന്നും വാഹനങ്ങളില്‍ കയറുന്നതിനായി ധൃതിയില്‍ ഇറങ്ങുന്ന നിരവധി ആളുകള്‍ക്കാണ്‌ ഈ ഓടയില്‍ വീണ്‌ ഇതിനോടകം പരുക്കേറ്റിട്ടുള്ളത്‌. വെയിറ്റിങ്‌ ഷെഢിനോട്‌ ചേര്‍ത്ത്‌ നിര്‍ത്താന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ക്കും ഈ ഓട അപകട ഭീഷണി സൃഷ്‌ടിക്കുന്നുണ്ട്‌. ജീവനുതന്നെ ഭീഷണിയായ ഈ ഓട എത്രയും വേഗം അടയ്‌ക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം

Leave a Reply