178 മണിക്കൂര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കടിയില്‍; ഒടുവില്‍ ജീവിതത്തിലേക്കു കൈപിടിച്ച്‌ മിറ

0


അങ്കാറ: ഭൂചലനം തച്ചുടച്ച തുര്‍ക്കിയിലും സിറിയയിലും അനുദിനം മരണസംഖ്യ ഉയരുന്നതിനിടയിലും ചില സന്തോഷവാര്‍ത്തകളും. 178 മണിക്കൂര്‍ മരണത്തോട്‌ മല്ലടിച്ച്‌ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കടിയില്‍ കഴിഞ്ഞ മിറ എന്ന ആറു വയസുകാരിയെ ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ ശുഭ വാര്‍ത്തയും തുര്‍ക്കിയില്‍നിന്നെത്തി. ദക്ഷിണ തുര്‍ക്കിയിലെ ആദിയമാന്‍ നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റ്‌ ബ്ലോക്കിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നാണ്‌ മിറയെ രക്ഷപ്പെടുത്തിയതെന്ന്‌ തുര്‍ക്കി ഗതാഗതമന്ത്രി ആദില്‍ കറൈസ്‌മൈലോഗ്ലു പറഞ്ഞു.
അതിനിടെ, ഭൂകമ്പത്തിന്‌ 178 മണിക്കൂറിന്‌ ശേഷം വയോധികയെയും രക്ഷപ്പെടുത്തി. തുര്‍ക്കിയിലെ ഹതായ്‌ പ്രവിശ്യയില്‍ തകര്‍ന്ന മൂന്ന്‌ നില കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നാണ്‌ 178 മണിക്കൂറുകള്‍ക്ക്‌ ശേഷം നുറേ ഗുര്‍ബുസ്‌ എന്ന എഴുപതുവയസുകാരിയെ രക്ഷപ്പെടുത്തിയത്‌.
ഭൂകമ്പത്തെ അതിജീവിക്കാനും ദിവസങ്ങളോളം അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കാനും ഒടുവില്‍ രക്ഷപ്പെടാനും ഭാഗ്യവും അതിനൊപ്പം കുടിക്കാന്‍ അല്‍പ്പം വെള്ളവും ആവശ്യമാണെന്ന്‌ യുകെ ഇന്റര്‍നാഷണല്‍ സെര്‍ച്ച്‌ ആന്‍ഡ്‌ റെസ്‌ക്യൂ ടീമിലെ ഡോ. മാല്‍ക്കം റസ്സല്‍ പറഞ്ഞു. ഈ കഥകള്‍ ശരിക്കും അവിശ്വസനീയമാണ്‌, ആളുകള്‍ക്ക്‌ അസാധാരണമായ സമയംവരെ അതിജീവിക്കാന്‍ കഴിയുമെന്ന്‌ ഞങ്ങള്‍ക്കറിയാം, തുര്‍ക്കിയില്‍നിന്ന്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌ അത്തരം ശുഭവാര്‍ത്തകളാണെന്നും മാല്‍ക്കം റസ്സല്‍ പറഞ്ഞു.

Leave a Reply