യുഎഇ : കഴിഞ്ഞ വർഷത്തെ വിദേശ വ്യാപാരം 2.2 ട്രില്യൺ ദിർഹം പിന്നിട്ടു

0

ദുബായ് : കഴിഞ്ഞ വർഷത്തെ വിദേശ വ്യാപാരം 2.2 ട്രില്യൺ ദിർഹം പിന്നിട്ടതായി യുഎഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ എച് എച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. അബുദാബിയിൽ നടന്ന യുഎഇ ക്യാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ യോഗത്തിൽ 2022-ലെ വിദേശ വ്യാപാര നേട്ടങ്ങൾ വിലയിരുത്തിയതായും, എണ്ണ-ഇതര വിദേശവ്യാപാര രംഗത്ത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 2.2 ട്രില്യൺ ദിർഹം എന്നത് ചരിത്രനേട്ടമാണെന്നും അദ്ദേഹം അറിയിച്ചു. വിദേശ വ്യാപാരത്തിൽ 17 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം യു എ ഇ രേഖപ്പെടുത്തിയിരിക്കുന്നത്.

സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള നാഷണൽ ഫ്രെയിംവർക് ഫോർ സസ്‌റ്റൈനബിൾ ഡവലപ്മെന്റ് പദ്ധതിയ്ക്ക് യുഎഇ ക്യാബിനറ്റ് അംഗീകാരം നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും, പ്രകൃതി വിഭവങ്ങളിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനും യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.

തുർക്കിയിലും, സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവർക്ക് യു എ ഇ ക്യാബിനറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും, ആവശ്യമായ എല്ലാ സഹായങ്ങൾ നൽകുന്നതിനും ഇരു രാജ്യങ്ങളിലേക്കും ദുരന്തനിവാരണസേനയെ അയക്കാൻ യു എ ഇ തീരുമാനിച്ചതായി അദ്ദേഹം യോഗത്തിൽ പറഞ്ഞു.

യുഎഇ ധനകാര്യ മന്ത്രി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് മിനിസ്റ്റർ ഷെയ്ഖ് മൻസൂർ ബിൻ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here